കേരളത്തില്‍ നിന്ന് 10 കൊല്ലം മുമ്പേ പോകേണ്ടതായിരുന്നു: കിറ്റെക്‌സ് എം.ഡി സാബു ജേക്കബ് - DhanamOnline.com Exclusive
ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നത് വ്യവസായ വിരുദ്ധ മനോഭാവമാണ്. അത് ഒരിക്കലും മാറില്ല
തെലങ്കാനയില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം സെപ്തംബറില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നിര്‍വഹിക്കും. വാറങ്കലില്‍ 250 ഏക്കറിലായി 25 ലക്ഷം ചതുരശ്ര അടിയിലാണ് ഫാക്ടറി. ഇവിടെ 22,000 പേര്‍ക്ക് തൊഴിലവസരവും ലഭിക്കും.
250 ഏക്കറിലായി ഹൈദരാബാദിലും പുതിയ ഫാക്ടറി സജ്ജമാവുകയാണ്. ഇവിടെ ഏകദേശം 28,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. ഡിസംബറോടെ ഈ ഫാക്ടറിയിലും പ്രവര്‍ത്തനം ആരംഭിക്കും. ഇരു ഫാക്ടറികളിലുമായി 80-85 ശതമാനം തൊഴിലും ലഭിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന പ്രത്യേകതയുമുണ്ട്. മൊത്തം 3,000 കോടി രൂപ നിക്ഷേപത്തോടെയാണ് ഇരു ഫാക്ടറികളും സജ്ജമാകുന്നത്.
കേരളത്തിന് നഷ്ടമായ നിക്ഷേപം
രണ്ടര വര്‍ഷത്തോളം മുമ്പ് മലയാളികളോട് ക്ഷമ ചോദിച്ചാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്. കേരളത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപവും പിന്‍വലിച്ചായിരുന്നു ആ യാത്ര.
എന്തായിരുന്നു അതിന് കാരണം?
2021ന്റെ തുടക്കത്തിലാണ് കേരള സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ കിഴക്കമ്പലത്തെ കിറ്റെക്‌സിന്റെ ഫാക്ടറിയിൽല്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിയത്. രാഷ്ട്രീയ വിരോധംവച്ച് സര്‍ക്കാര്‍ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയാണെന്ന് അന്ന് കിറ്റെക്‌സ് മാനേജ്‌മെന്റ് ആരോപിച്ചു. കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 3,500 കോടി രൂപയുടെ പദ്ധതി, പിന്‍വലിക്കുന്നതായി ഇതോടെ കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച്
2020ലെ അസെന്‍ഡ് കേരള സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച കരാറില്‍ നിന്നാണ് കിറ്റെക്‌സ് പിന്മാറിയത്. 20,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്ക്, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി 5,000 പേര്‍ക്ക് വീതം തൊഴില്‍ കിട്ടുന്ന വ്യവസായ പാര്‍ക്കുകള്‍ എന്നിവയാണ് കേരളത്തിന് നഷ്ടമായത്.
ഈ നിക്ഷേപ പദ്ധതിയാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് മാറ്റിയത്. കിറ്റെക്‌സിനെ ഇരുംകൈയും നീട്ടി വരവേറ്റ തെലങ്കാന വ്യവസായ വകുപ്പും നാട്ടുകാരും വലിയ പിന്തുണയാണ് ഇതുവരെ നല്‍കിയതെന്ന് സാബു എം. ജേക്കബ് 'ധന'ത്തോട് പറഞ്ഞു.
ഫാക്ടറിക്കുള്ള സ്ഥലവും മറ്റ് അനുമതികളുമെല്ലാം അതിവേഗം തെലങ്കാന സര്‍ക്കാര്‍ നല്‍കി. ജനങ്ങളുടെ വലിയ പിന്തുണയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെലങ്കാനയില്‍ രണ്ടാമത്തെ ഫാക്ടറി കൂടി ഒരുക്കുന്നത്. ആദ്യം തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് ആലോചിച്ചത്. ഇപ്പോള്‍ നിക്ഷേപം 3,000 കോടി രൂപയാണ് - അദ്ദേഹം പറഞ്ഞു.
10 കൊല്ലം മുമ്പേ പോകേണ്ടതായിരുന്നു
വെറും രണ്ടുവര്‍ഷവും ഒമ്പത് മാസവും കൊണ്ടാണ് തെലങ്കാനയിൽ 65 ലക്ഷം ചതുരശ്ര അടിയില്‍ ഫാക്ടറികള്‍ സജ്ജമാകുന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 50,000 പേര്‍ക്കാണ് അവിടെ ഇതുവഴി തൊഴില്‍ ലഭിക്കുന്നത്.
''കേരളത്തില്‍ എട്ട് ലക്ഷം ചതുരശ്ര അടിയില്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി ഒരുക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നത് 21 വര്‍ഷമാണ്. കേരളത്തിലെ വ്യാവസായിക അന്തരീക്ഷം എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. കേരളം ഞങ്ങളുടെ സ്വന്തം നാടായത് കൊണ്ടാണ്, നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിട്ടിട്ടും ഇവിടെ പിടിച്ചുനിന്നത്. പിറന്നനാട്ടിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇവിടുത്തെ ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നത് വ്യവസായ വിരുദ്ധ മനോഭാവമാണ്. അത് ഒരിക്കലും മാറില്ല'' - സാബു എം. ജേക്കബ് പറഞ്ഞു.
10 വര്‍ഷം മുമ്പെങ്കിലും കേരളത്തില്‍ നിന്ന് തെലങ്കാനയില്‍ പോയിരുന്നെങ്കില്‍ ഇന്നത്തേതിനേക്കാള്‍ 10 ഇരട്ടി മികച്ച ബിസിനസും നേട്ടവും കിറ്റെക്‌സിന് ലഭിക്കുമായിരുന്നു. ആ ഒരു നിരാശയുണ്ട്. വെറുതേ കേരളത്തില്‍ നിക്ഷേപിച്ച് ജീവിതത്തിലെ വിലപ്പെട്ട സമയവും ഊര്‍ജവും പാഴാക്കി.
കേരളത്തില്‍ വ്യവസായത്തിന് ശ്രമിക്കുമ്പോള്‍ വെള്ളം, ഉയര്‍ന്ന വൈദ്യുതിച്ചെലവ്, സ്ഥലം, മാലിന്യം, വിവിധ അനുമതികള്‍ തുടങ്ങി എല്ലാം വെല്ലുവിളിയാണ്. തെലങ്കാനയില്‍ ഇത്തരം പ്രശ്‌നങ്ങളില്ല. ഇത് തന്നെയാണ് വ്യാവസായിക രംഗത്ത് തെലങ്കാനയുടെ മുന്നേറ്റത്തിനും കേരളത്തിന്റെ തളര്‍ച്ചയ്ക്കും കാരണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്
രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ വസ്ത്രനിര്‍മ്മാണ രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്‌സ്. അമേരിക്കയാണ് മുഖ്യ വിപണി. വോള്‍മാര്‍ട്ടും ആമസോണുമെല്ലാം കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. കേരളത്തിലെ ഫാക്ടറിയില്‍ പ്രതിദിനം 7 ലക്ഷം വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. തെലങ്കാന ഫാക്ടറി സജ്ജമാകുന്നതോടെ മൊത്തം ഉത്പാദനം പ്രതിദിനം 24 ലക്ഷമാകും.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി ഇന്ന് വ്യാപാരം ചെയ്യപ്പെടുന്നത് ബി.എസ്.ഇയില്‍ 2.37 ശതമാനം നേട്ടത്തോടെ 188.25 രൂപയിലാണ്.