സ്വകാര്യ ബാങ്ക് എംഡിയുടെ കാലാവധി 15 വര്‍ഷം: കോട്ടക് മഹീന്ദ്രയുടെ ഓഹരി വില താഴ്ന്നു

സ്വകാര്യ ബാങ്കുകളുടെ എംഡി, സിഇഒ, മുഴുവന്‍ സമയ ഡയറക്റ്റര്‍മാര്‍ എന്നിവരുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത് കോട്ടക് മഹീന്ദ്രയ്ക്ക് അടിയായി

Update:2021-04-27 15:46 IST

സ്വകാര്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്റ്റര്‍, സിഇഒ, മുഴുവന്‍ സമയ ഡയറക്റ്റര്‍ എന്നിവരുടെ നിയമന കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയ ആര്‍ ബി ഐ നീക്കം കോട്ടക് മഹീന്ദ്ര ബാങ്കിന് അടിയായി. കോട്ടക് മഹീന്ദ്ര ബാങ്ക് എം ഡിയും സിഇഒയുമായ ഉദയ് കോട്ടക്കിനും ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ദിപക് ഗുപ്തയ്ക്കും 2023ന് ശേഷം പദവികളില്‍ തുടരാന്‍ ആകില്ല. അതായത് 2024ല്‍, ആര്‍ബിഐയുടെ ഇപ്പോഴത്തെ തീരുമാനപ്രകാരം, കോട്ടക് മഹീന്ദ്രയില്‍ നേതൃനിരയില്‍ മാറ്റം സംഭവിക്കും.

15 വര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ മൂന്നു വര്‍ഷത്തിനുശേഷം അതേ വ്യക്തിയെ വീണ്ടും നിയമിക്കാം.

ആര്‍ ബി ഐയുടെ പുതിയ ചട്ടം പ്രഖ്യാപിക്കപ്പെട്ടതോടെ കോട്ടക് മഹീന്ദ്രയുടെ ഓഹരി വില ഇന്നുച്ചയോടെ ഒന്നരശതമാനത്തോളം ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികള്‍ അതേ സമയം 0.6 ശതമാനം ഉയര്‍ച്ചയിലായിരുന്നു.

പുതിയ ചട്ടപ്രകാരം ഉദയ് കോട്ടക്കിന്, കോട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ പുതിയ സാരഥിയെ കണ്ടെത്താന്‍ മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രമേ സമയം ലഭിക്കുന്നുള്ളൂ.

കോട്ടക് മഹീന്ദ്ര ബാങ്ക് രൂപീകൃതമായതുമുതല്‍ അതിന്റെ സാരഥ്യത്തില്‍ ഉദയ് കോട്ടക്കാണുള്ളത്. നിലവില്‍ 2024 ജനുവരി ഒന്നുവരെ ഉദയ് കോട്ടക്കിന് കാലാവധിയുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഉദയ് കോട്ടക്കിന്റെ കാലാവധി ആര്‍ ബി ഐ നീട്ടി നല്‍കിയത്. 2024 ആകുമ്പോഴേക്കും ബാങ്ക് സാരഥ്യത്തില്‍ ഉദയ് കോട്ടക് 20 വര്‍ഷം തികയ്ക്കും. ആര്‍ ബി ഐ പുതിയ ചട്ടം കൊണ്ടുവന്നെങ്കിലും ഉടന്‍ തന്നെ ഉദയ് കോട്ടക്കിന് സ്ഥാനമൊഴിയേണ്ടി വരില്ല.

കോട്ടക് മഹീന്ദ്രയുടെ സാരഥ്യത്തില്‍ മികച്ച ടീമുള്ളതിനാല്‍ പുതിയൊരു സാരഥിയെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാകില്ലെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.


Tags:    

Similar News