എങ്ങനെ മുന്നോട്ടു പോകും! വരുമാനം 150 കോടി, ചെലവ് 1,950 കോടി; കറന്റടിയേറ്റ് കെ.എസ്.ഇ.ബി ചെയര്‍മാന്‍

വളരെയധികം മഴ ലഭിച്ച ഈ വർഷത്തെ സ്ഥിതി ഇതാണെങ്കിൽ വരും വർഷങ്ങളിൽ കേരളം ഇരുട്ടിലാവും

Update:2024-11-28 17:11 IST

Image Courtesy: Canva, KSEB

രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കെ.എസ്.ഇ.ബി യെ വലിയ നഷ്ടങ്ങളിലേക്കാണ് എത്തിക്കുന്നതെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകര്‍. 150 കോടി രൂപയാണ് കെ.എസ്.ഇ.ബി യുടെ ശരാശരി വരുമാനം, ചെലവ് ആകട്ടെ 1950 കോടിയും.
മാസം വൈദ്യുതി വാങ്ങാൻ 900 കോടി രൂപയാണ് ആവശ്യമുളളത്. വായ്പ തിരിച്ചടയ്ക്കാൻ 300 കോടിയും വേണം. ബോര്‍ഡിന്റെ ദൈനംദിന ചെലവുകൾക്ക് മാസം 400 കോടി വരെ വലിയ പലിശയ്ക്ക് ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ട സാഹചര്യമാണ് ഉളളതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെ.എസ്.ഇ.ബി മറ്റൊരു കെ.എസ്.ആർ.ടി.സി യായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് 14,000 കോടി രൂപയാവുമെന്നാണ് കരുതുന്നത്. മഴക്കാലത്തുതന്നെ വൈദ്യുതി ലഭ്യത കുറയുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മഴക്കാലമായ ജൂൺ മുതൽ ഇതുവരെ മൂന്നുദിവസം 500 മെഗാവാട്ടിന്റെയും ഒരുദിവസം ആയിരം മെഗാവാട്ടിന്റെയും കുറവ് ഇത്തവണ അനുഭവപ്പെട്ടു. വളരെയധികം മഴ ലഭിച്ച ഈ വർഷത്തെ സ്ഥിതി ഇതാണെങ്കിൽ വരും വർഷങ്ങളിൽ കേരളം ഇരുട്ടിലാവും.
ഓഫീസർമാരുടെ സംഘനകൾക്ക് കെ.എസ്.ഇ.ബി.യിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി നൽകിയ കരട് നിർദേശങ്ങളിലാണ് ചെയർമാൻ ബിജു പ്രഭാകറിന്റെ പരാമർശങ്ങൾ ഉളളത്. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കണം, സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികൾ അതിവേഗം നടപ്പാക്കണം. ഇതിന് നയപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും ചെയര്‍മാന്‍ അറിയിച്ചു.
Tags:    

Similar News