ഹരിത ഊര്‍ജ്ജ മേഖലയില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി എല്‍&ടി
ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക
ഹരിത ഊര്‍ജ മേഖലയില്‍ റിലയന്‍സിനും അദാനി ഗ്രൂപ്പിനുമൊപ്പം മത്സരിക്കാന്‍ എല്‍&ടി. 2.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 20,000 കോടി) നിക്ഷേപം ആണ് കമ്പനി നടത്തുന്നത്. വിപണി സാഹചര്യങ്ങള്‍ അനുസരിച്ച് 3-4 വര്‍ഷം കൊണ്ടാവും നിക്ഷേപങ്ങള്‍.
ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്ട്രോലൈസറുകള്‍,ബാറ്ററികള്‍, ഇന്ധന സെല്ലുകള്‍ തുടങ്ങിയവയുടെ നിര്‍മാണം മുതല്‍ ഇത്തരം പ്രോജക്ടുകളുടെ കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പടെയുള്ളവ കമ്പനി ഏറ്റെടുക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേന്‍, റിന്യൂ എനര്‍ജി തുടങ്ങിയവയുമായി ഹരിത ഊര്‍ജ്ജ മേഖലയില്‍ എല്‍&ടി സഹകരിക്കും. 2035ല്‍ വാട്ടര്‍ ന്യൂട്രാലിറ്റിയും 2040ല്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയും നേടുകയാണ് എല്‍&ടിയുടെ ലക്ഷ്യം. ഇതിനായി 5,000 കോടി രൂപയാണ് കമ്പനി നീക്കിവെയ്ക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച കമ്പനിയുടെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഗുജറാത്തില്‍ കമ്മീഷന്‍ ചെയ്തിരുന്നു. ഒരു ദിവസം 45 കി.ഗ്രാം ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു ഡസനോളം കമ്പനികളുമായി ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ സജ്ജീകരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തിവരികയാണ് എല്‍&ടി.