ബാങ്ക് ജീവനക്കാര്‍ക്ക് പിന്നാലെ കോളടിച്ച് എല്‍.ഐ.സി ജീവനക്കാരും; ശമ്പളത്തില്‍ വന്‍ വര്‍ധന

എന്‍.പി.എസ് ആനുകൂല്യവും വര്‍ധിപ്പിച്ചു

Update: 2024-03-16 04:49 GMT

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി. 2022 ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. രാജ്യത്തെമ്പാടുമുള്ള 1.50 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് എല്‍.ഐ.സി വ്യക്തമാക്കി.

പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് എല്‍.ഐ.സിയില്‍ ശമ്പള വര്‍ധന നടപ്പാക്കുന്നത്. 2017ല്‍ 14 ശതമാനം ശമ്പളവര്‍ധനയായിരുന്നു നടപ്പാക്കിയത്. 2022 ജൂലൈയില്‍ ഇതിന്റെ കാലാവധി പൂര്‍ത്തിയായി.

ഒറ്റത്തവണ എക്‌സ്‌ഗ്രേഷ്യയും 

എല്‍.ഐ.സി ജീവനക്കാര്‍ക്കുള്ള എന്‍.പി.എസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) ആനുകൂല്യം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2010 ഏപ്രില്‍ ഒന്നിനു ശേഷം എല്‍.ഐ.സിയില്‍ ചേര്‍ന്ന 24,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ഇതുകൂടാത 30,000ത്തോളം എല്‍.ഐ.സി പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഒറ്റത്തവണ എക്‌സ്‌ഗ്രേഷ്യ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്.

2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ എല്‍.ഐ.സിയുടെ ലാഭം 49 ശതമാനം വര്‍ധനയോടെ 9,444 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം സമാനകാലയളവിലിത് 6,334 കോടി രൂപയായിരുന്നു. എല്‍.ഐ.യുടെ ഓഹരിവില ഇന്നലെ 3.48 ശതമാനം ഇടിഞ്ഞ് 925.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News