എല്‍ഐസിയുടെ എയുഎം 37 ട്രില്യണ്‍, പല രാജ്യങ്ങളുടെയും ജിഡിപിയെക്കാള്‍ ഉയരത്തില്‍
യുഎഇ, സിംഗപ്പൂര്‍, ഹോങ്കോംങ്, സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാന്‍ ഉള്‍്പ്പടെയുള്ളവരുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് എല്‍ഐസിയുടെ എയുഎം
പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന പൊതുമേഖലാ സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അതിൻ്റെ വലുപ്പം കൊണ്ട് തന്നെ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന ഈ ഇന്‍ഷുറന്‍സ് ഭീമന്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ മൂല്യം അഥവാ എയുഎം(asset under managemetn) പല പ്രമുഖ രാജ്യങ്ങളുടെയും ജിഡിപിക്കും മുകളിലാണ്.
2021 നവംബറിലെ കണക്കുകള്‍ പ്രകാരം 37 ട്രില്യണോളം രൂപയാണ് എല്‍ഐസിയുടെ എയുഎം. യുഎഇ, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംങ്, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്റ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപി ഇതിലും താഴെയാണ്. ഇന്ത്യന്‍ ജിഡിപിയുടെ 18 ശതമാനത്തിന് തുല്യമാണ് എല്‍ഐസിയുടെ എയുഎം. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫിൻ്റെ എയുഎം വെറും 2.21 ട്രില്യണ്‍ രൂപയാണ്.
ഓഹരി വിപണിയില്‍ രാജ്യത്ത് ഏറ്റവും അധികം നിക്ഷേപം ഉള്ളതും എല്‍ഐസിക്ക് ആണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ വിപണി മൂല്യത്തിന്റെ നാല് ശതമാനത്തിന് തുല്യമാണ് എല്‍ഐസിയുടെ ഓഹരി നിക്ഷേപങ്ങള്‍. 1956 മുതല്‍ 2000 വരെ രാജ്യത്തെ ഏക ഇന്‍ഷുറന്‍സ് കമ്പനിയായിരുന്നു എല്‍ഐസി. ഇക്കാരണം കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. 2021 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രാകാരം 286 മില്യണ്‍ പോളിസികളാണ് കമ്പനിക്കുള്ളത്.
ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ടാറ്റ ഗ്രൂപ്പിന് പിന്നില്‍ രാജ്യത്ത് രണ്ടാമതാണ് എല്‍ഐസി. ബ്രാന്‍ഡ് ഫിനാന്‍സ് റാങ്കിംഗ്-2021 പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. മൂല്യത്തിന്റെ കാര്യത്തില്‍ പട്ടികയില്‍ പത്താമതാണ് കമ്പനിയുടെ സ്ഥാനം. 2020-21 കാലയളവില്‍ എല്‍ഐസിയുടെ അറ്റാദായം 2,906.77 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 6.9 ശതമാനത്തിന്റെ വളര്‍ച്ചായാണ് ഉണ്ടായത്. 4.03 ട്രില്യണാണ് പ്രീമിയത്തിലൂടെ ലഭിച്ച വരുമാനം. നിക്ഷേപങ്ങളില്‍ നിന്ന് 2.79 ട്രില്യണ്‍ രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്‍ഐസി നേടി. ഇക്കാലയളവില്‍ 10.71 ശതമാനം വളര്‍ച്ചയോടെ ആകെ 6.16 ട്രില്യണ്‍ വരുമാനമാണ് കമ്പനി നേടിയത്.