എല്‍.ഐ.സിയുടെ ലാഭം 49 ശതമാനം ഉയര്‍ന്നു, ഓഹരി റെക്കോഡ് വില താണ്ടി
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 11.98 ശതമാനം ഉയര്‍ന്ന് 49,366 ലക്ഷം കോടി രൂപയായി
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ ലാഭം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) മൂന്നാംപാദത്തില്‍ 49 ശതമാനം ഉയര്‍ന്ന് 9,441 കോടി രൂപയായി. ഇക്കാലയളവില്‍ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയര്‍ന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 11.98 ശതമാനം ഉയര്‍ന്ന് 49,366 ലക്ഷം കോടി രൂപയായി. എല്‍.ഐ.സിയുടെ കിട്ടാക്കടം മുന്‍വര്‍ഷത്തെ 5.02 ശതമാനത്തില്‍ നിന്ന് 2.15 ശതമാനമായി കുത്തനെ കുറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് 4 രൂപ ഇടക്കാല ഡിവിഡന്റും എല്‍.ഐ.സി ബോര്‍ഡ് പ്രഖ്യാപിച്ചു. 30 ദിവസത്തിനുള്ളില്‍ ഇടക്കാല ഡിവിഡന്‍ഡ് വിതരണം ചെയ്യും.
പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 58.80 ശതമാനം വിപണി വിഹിതവുമായി എല്‍.ഐ.സിയാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ മുന്നില്‍.
ഓഹരി 52 ആഴ്ചയിലെ ഉയരം തൊട്ടു
ഇന്നലെയാണ് എല്‍.ഐ.സി ഫലപ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലത്തെ സെഷനില്‍ എല്‍.ഐ.സി ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്‍.ഐ.സി ഓഹരികള്‍ നേട്ടത്തിലായിരുന്നു. വ്യാഴാഴ്ച എല്‍.ഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.
2022 മെയ് 17ന് ലിസ്റ്റ് ചെയ്തതിനു ശേഷം ഇതു വരെ എല്‍.ഐ.സി ഓഹരികള്‍ 28 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഇഷ്യു വിലയായ 949 രൂപയേക്കാള്‍ 20 ശതമാനത്തോളം ഉയരത്തിലാണ് ഓഹരി. ഇന്ന് വ്യാപാരാന്ത്യത്തില്‍ ഓഹരി 2.21 ശതമാനം ഇടിഞ്ഞ് 1,080.85 രൂപയിലെത്തി.