ഇന്‍ഷുറന്‍സ് ഭീമന്മാരില്‍ എല്‍.ഐ.സി ലോകത്ത് നാലാമത്

വിവിധ ഇന്‍ഷുറന്‍സ് മേഖലകള്‍ക്കായുള്ള കരുതല്‍ ധനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക

Update:2023-12-06 17:16 IST

ആഗോള മേഖലയിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയായി ഇന്ത്യയുടെ സ്വന്തം എല്‍.ഐ.സി. ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്‍ഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ 50 ഇന്‍ഷുറന്‍സ് കമ്പനികളുടെ പട്ടികയിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നാലാമതെത്തിയത്.

ജര്‍മനിയിലെ അലിയന്‍സ് എസ്.ഇ, ചൈന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് എല്‍.ഐ.സിക്ക് മുന്നിലുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം എല്‍.ഐസിയുടെ റിസര്‍വ് (കരുതല്‍ ശേഖരം) 50,307 കോടി ഡോളറാണ്. അലിയന്‍സ് എസ്.ഇക്ക് 75,020 കോടി ഡോളറും ചൈന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടേത് 61,690 കോടിയും നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍ കമ്പനിയുടേത് 536.80 കോടിയുമാണ്.
എസ് ആന്‍ഡ് പി ലിസ്റ്റിലെ 50 ആഗോള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 21 എണ്ണവും യൂറോപ്യന്‍ കമ്പനികളാണ്. രാജ്യമടിസ്ഥാനത്തില്‍ നോക്കിയാല്‍ കൂടുതലും അമേരിക്കന്‍ കമ്പനികളുമാണ്. എട്ട് കമ്പനികളാണ് അമേരിക്കയില്‍ നിന്ന് ലിസ്റ്റിലുള്‍പ്പെട്ടത്. യു.കെയില്‍ നിന്ന് ഏഴ് കമ്പനികളും.
ലൈഫ്, ആക്‌സിഡന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സികളിലെ റിസര്‍വിന്റെ അടിസ്ഥാനത്തിലാണ് ടോപ്പ് 50 കമ്പനികളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
Tags:    

Similar News