എല്‍.ഐ.സിക്ക് 466% ലാഭ വര്‍ദ്ധന; മൂന്ന് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു

അറ്റ പ്രീമിയം വരുമാനം 8% കുറഞ്ഞു; ആദ്യവര്‍ഷ പ്രീമിയത്തില്‍ 12% കുറവ്, ഓഹരിവിലയില്‍ ഉണര്‍വ്‌

Update: 2023-05-25 06:26 GMT

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി (LIC) കഴിഞ്ഞവര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 466 ശതമാനം വളര്‍ച്ചയോടെ 13,428 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 2,371 കോടി രൂപയായിരുന്നു.

അതേസമയം, അറ്റ പ്രീമിയം വരുമാനം (Net Premium Income) 1.43 ലക്ഷം കോടി രൂപയില്‍ നിന്ന് എട്ട് ശതമാനം താഴ്ന്ന് 1.31 ലക്ഷം കോടി രൂപയായി. ആദ്യവര്‍ഷ പ്രീമിയം (First Year Premium) 14,614 കോടി രൂപയില്‍ നിന്ന് 12,811 കോടി രൂപയായും താഴ്ന്നു; നഷ്ടം 12 ശതമാനം. കമ്പനിയുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 67,498 കോടി രൂപയില്‍ നിന്ന് നേരിയ വളര്‍ച്ചയുമായി 67,846 കോടി രൂപയിലെത്തി. ആദ്യവര്‍ഷ പ്രീമിയത്തില്‍ 62.58 ശതമാനം വിപണിവിഹിതവുമായി മുന്‍നിരസ്ഥാനം നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. മൊത്തം വരുമാനം 2.15 ലക്ഷം കോടി രൂപയില്‍ നിന്ന് 2.01 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വാര്‍ഷിക ലാഭത്തിലും മുന്നേറ്റം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം 4,125 കോടി രൂപയില്‍ നിന്ന് പതിന്മടങ്ങ് വര്‍ദ്ധിച്ച് 35,997 കോടി രൂപയായി. മൊത്ത വരുമാനം 7.32 ലക്ഷം കോടി രൂപയില്‍ നിന്നുയര്‍ന്ന് 7.91 ലക്ഷം കോടി രൂപയിലെത്തി.  കമ്പനിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 6.03 ശതമാനത്തില്‍ നിന്ന് 2.56 ശതമാനമായി മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 0.04 ശതമാനം മാത്രമാണ്.
മൊത്തം ആസ്തി 43.97 ലക്ഷം കോടി
എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 40.85 ലക്ഷം കോടി രൂപയില്‍ നിന്ന് 7.65 ശതമാനം ഉയര്‍ന്ന് 43.97 ലക്ഷം കോടി രൂപയായി. മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് മൂന്ന് രൂപവീതം കമ്പനി ലാഭവിഹിതം (Dividend) പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍.ഐ.സി ഓഹരികള്‍ ഇപ്പോള്‍ (11.15 A.M) 1.93 ശതമാനം ഉയര്‍ന്ന് 605 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
Tags:    

Similar News