ലുലു ഗ്രൂപ്പ് വമ്പന്‍ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു, ഇരട്ട ലിസ്റ്റിംഗിന് സാധ്യത

നൂറ് കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യം

Update:2024-02-06 17:56 IST

Image Credit : yusuffali.com/

പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ ഈ വര്‍ഷം രണ്ടാം പകുതിയോടെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. റിയാദ്, അബുദബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് നടത്താനാണ് നീക്കമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഗള്‍ഫ് മേഖലയില്‍ പൊതുവെ ഇരട്ട ലിസ്റ്റിംഗ് അത്ര സാധാരണമല്ല. 2022ല്‍ അമേരിക്കാന ഗ്രൂപ്പാണ് ആദ്യമായി ഇരട്ട ലിസ്റ്റിംഗ് നടത്തിയത്. സൗദി അറേബ്യയിലും യു.എ.ഇയിലുമായിട്ടായിരുന്നു ലിസ്റ്റിംഗ്. ഗള്‍ഫിലും നോര്‍ത്ത് അമേരിക്കയിലും കെ.എഫ്.സി, പിസ ഹട്ട് റസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്പനിയാണ് അമേരിക്കാന ഗ്രൂപ്പ്.
ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ലുലുവിന്റെ പ്രധാന ബിസിനസായിരിക്കും ഐ.പി.യില്‍ ലിസ്റ്റ് ചെയ്യുകയെന്നാണ് വിവരങ്ങള്‍. ഐ.പി.ഒയ്ക്ക് മുന്നോടിയായി കടം പുന:ക്രമീകരിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ലുലുഗ്രൂപ്പ് 25 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. 2023ല്‍ ഐ.പി.ഒ നടത്താന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.

പ്രവാസി മലയാളികളില്‍ നിന്ന് വലിയ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അതുകൊണ്ട് ലുലു ഐ.പി.ഒ വിജയമാകാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഏകദേശം 800 കോടി ഡോളറാണ് (65,600 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ വരുമാനം. 26 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ 70,000ത്തിലധികം ജീവനക്കാരുണ്ട്.




Tags:    

Similar News