10000 കോടി രൂപയുടെ ഭക്ഷ്യക്കയറ്റുമതി ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്
പഴം-പച്ചക്കറികൾക്ക് ഗൾഫിൽ വൻ ഡിമാൻഡ്
ഇന്ത്യയിൽ നിന്നുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി 7000 കോടി രൂപയിൽ നിന്ന് 10000കോടി രൂപയുടേതായി ഉയർത്തും. നിലവിൽ 11 കേന്ദ്രങ്ങളിൽ നിന്നായിട്ടാണ് പ്രതിവർഷം 7,000 കോടി രൂപയുടെ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇതാണ് ഇനി 10,000 കോടി രൂപയുടേതായി ഉയർത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ലുലു.
ഉന്നത നിലവാരമുള്ളതും രാസവളമുക്തവുമായ പഴം, പച്ചക്കറികൾക്ക് ഗൾഫിൽ വൻ ഡിമാൻഡാണെന്ന് അബുദാബി ചേമ്പർ വൈസ് ചെയർമാൻ കൂടിയായ യൂസഫലി പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യോത്പാദകർ, കയറ്റുമതിക്കാർ എന്നിവരുടെ ഉന്നതതല സംഘത്തെ യു.എ.ഇ.യിലെ വളർച്ചാ സാദ്ധ്യതകൾ പരിചയപ്പെടുത്താനുള്ള നടപടി എടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ നോയിഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന് സംസ്ഥാനം സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഗുജറാത്തിലും ഭക്ഷ്യസംസ്കരണ കേന്ദ്രവും ഹൈപ്പർമാർക്കറ്റും തുറക്കും. എറണാകുളം കളമശ്ശേരിയിലെ ഫുഡ്പാർക്ക്, കശ്മീരിലെ ലോജിസ്റ്റിക്സ് കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് യൂസഫലി പറഞ്ഞു.