10,000 കോടിയുടെ വമ്പന്‍ പദ്ധതിയുമായി മഹീന്ദ്ര

ഇവി മോഡലുകള്‍ പുറത്തിറക്കുന്നതിനായി ആഗോള തലത്തില്‍ 250-500 മില്യണ്‍ ഡോളറിന്റെ ധനസമാഹരണവും മഹീന്ദ്ര പരിഗണിക്കുന്നുണ്ട്

Update: 2022-12-14 07:39 GMT

10,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (M&M). പൂനയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (Electric Vehicles) വേണ്ടി പ്ലാന്റ് നിര്‍മിക്കാനാണ് ഈ തുക ഉപയോഗിക്കുക. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണ് മഹീന്ദ്രയുടെ നിക്ഷേപം.

7-8 വര്‍ഷം കൊണ്ടാവും ഫാക്ടറിയില്‍ 10,000 കോടിയുടെ നിക്ഷേപം മഹീന്ദ്ര നടത്തുക. എക്‌സ്‌യുവി 700 ഇവി മോഡല്‍ ഉള്‍പ്പടെ കമ്പനിയുടെ Born Electric Vehicles വിഭാഗത്തില്‍ അവതരിപ്പിക്കുന്ന വാഹനങ്ങള്‍ പൂനെ ഫാക്ടറിയില്‍ നിര്‍മിക്കും. ഇവി മോഡലുകള്‍ പുറത്തിറക്കുന്നതിനായി ആഗോള തലത്തില്‍ 250-500 മില്യണ്‍ ഡോളറിന്റെ ധനസമാഹരണം മഹീന്ദ്ര പരിഗണിക്കുന്നുണ്ട്.

എക്‌സ്‌യുവി 400 ആണ് മഹീന്ദ്രയില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഇവി. ഇവെറിറ്റോ, ഇ2ഒ പ്ലസ് എന്നിവയാണ് നിലവില്‍ വാങ്ങാന്‍ സാധിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍. ഇന്ത്യയില്‍ വില്‍ക്കുന്ന ആകെ കാറുകളില്‍ ഇവികള്‍ ഒരു ശതമാനമം മാത്രമാണ്. 2030ഓടെ ഇലക്ട്രിക് കാറുകളുടെ വിഹിതം 30 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 1281.95 രൂപയിലാണ് ( 1.00 PM) മഹീന്ദ്ര ഓഹരികളുടെ വ്യാപാരം.

Tags:    

Similar News