9860 കോടി രൂപയുടെ വന്‍ നിക്ഷേപം നടത്താനൊരുങ്ങി മലബാര്‍ഗോള്‍ഡ്

അടുത്ത മൂന്നു വര്‍ഷത്തില്‍ നിക്ഷേപം, ലക്ഷ്യം തൊഴിലവസരങ്ങളും

Update: 2022-06-10 08:28 GMT

ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തെ പ്രമുഖരായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 9,860 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഒ. ആഷറുമാണ് കൊച്ചിയില്‍ നടന്ന നിക്ഷേപകരുടെ മീറ്റില്‍ ഇക്കാര്യം അറിയിച്ചത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മേക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദ വേള്‍ഡ്' സംരംഭം വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത കാലത്തായി അതിന്റെ നിക്ഷേപം ഇരട്ടിയാക്കാനുള്ള പദ്ധതികളിലാണെന്ന് അറിയിച്ചിരുന്നു. 2025 ഓടെ 500 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഏകദേശം 11,000 പേര്‍ക്ക് തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുമെന്നാണ് ഗ്രൂപ്പ് പറയുന്നത്.
വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ ഭാഗമായാണ് നിക്ഷേപകരുടെ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ ശക്തിപ്പെടുത്തുന്നതിലും അതിന്റെ വിപുലീകരണ പദ്ധതികളിലൂടെ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗ്രൂപ്പിന്റെ മാതൃകാപരമായ ശ്രമങ്ങളെ പ്രശംസിച്ചു.
നിലവില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് പത്ത് രാജ്യങ്ങളിലായി 280-ലധികം ഷോറൂമുകളും അഞ്ച് രാജ്യങ്ങളിലായി 14 നിര്‍മ്മാണ യൂണിറ്റുകളും ഉണ്ട്. ഏകദേശം 4,092 നിക്ഷേപകരും 14,169 മാനേജ്മെന്റ് ജീവനക്കാരുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്.
നടപ്പ് സാമ്പത്തിക വര്‍ഷം 45,000 കോടി രൂപയുടെ മൊത്തം ബിസിനസ് ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഗ്രൂപ്പിന്റെ ബിസിനസ് മോഡല്‍ രൂപപ്പെടുത്തുന്നത് സാങ്കേതിക മേഖലയിലെ വമ്പന്മാരായ മൈക്രോസോഫ്റ്റ്, IBM, Accenture, E&Y, Deloitte എന്നിവരാണ്.
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ട്രഷറി ആന്‍ഡ് ബുള്ളിയന്‍ മേധാവി ദിലീപ് നാരായണ്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.


Tags:    

Similar News