മലയാളികളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം 85,000 കോടിയിലേക്ക്, പ്രിയം ഇക്വിറ്റിയോട്
പ്രതിമാസ എസ്.ഐ.പി നിക്ഷേപം 25,000 കോടിയിലേക്ക് അടുക്കുന്നു
മലയാളി നിക്ഷേപകര്‍ പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് മാറി മ്യൂച്വല്‍ഫണ്ടുകളിലേക്ക് പണമൊഴുക്കുന്നത് കൂടുന്നു. മലയാളികളുടെ മ്യൂച്വല്‍ഫണ്ടിലേക്കുള്ള മൊത്തം നിക്ഷേപം 85,000 കോടിയിലേക്ക് കടക്കുന്നു. സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപം 84,743.26 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുകള്‍ കാണിക്കുന്നു. ആഗസ്റ്റിലിത് 81,812.62 കോടി രൂപയായിരുന്നു. ഒരു മാസത്തിനിടെ 2,936 കോടി രൂപയുടെ വര്‍ധനയുണ്ടായി.
ഇക്വിറ്റി നിക്ഷേപങ്ങളോടാണ് മലയാളികള്‍ക്ക് കൂടുതല്‍ പ്രിയം. സെപ്റ്റംബറില്‍ 64,643.25 കോടി രൂപയായി ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം. ഓഗസ്റ്റില്‍ ഇത് 6,1292.05 കോടി രൂപയായിരുന്നു. ഒറ്റമാസം കൊണ്ട് 3,351.2 കോടി രൂപ വര്‍ധിച്ചു.
ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം സെപ്റ്റംബറില്‍ 6,501.13 കോടി രൂപയും ലിക്വിഡ് ഫണ്ടുകളിലേത് 5000 കോടിയും ബാലന്‍സ്ഡ് ഫണ്ടുകളില്‍ 6,909 കോടി രൂപയുമാണ്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം സെപ്റ്റംബറില്‍ 213.75 കോടിയായി. ഓഗസിറ്റില്‍ ഇത് 204 കോടി രൂപയായിരുന്നു.
മൊത്തം എസ്.ഐ.പി 25,000 കോടിയിലേക്ക്
രാജ്യത്ത് മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള പ്രതിമാസ എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) നിക്ഷേപം സെപ്റ്റംബറില്‍ 24,508.73 കോടി രൂപയാണെന്ന് ആംഫി വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ 23,547.34 കോടി രൂപയില്‍ നിന്ന് ഒരു മാസത്തിനിടെ നാല് ശതമാനം വര്‍ധിച്ചു. ആദ്യമായാണ് എസ്.ഐ.പി നിക്ഷേപം 24,000 കോടി കടക്കുന്നത്.
സെപ്റ്റംബറില്‍ 66.38 ലക്ഷം പുതിയ എസ്.ഐ.പികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9.87 കോടിയായി. ആഗസ്റ്റിലിത് 9.61 കോടിയായിരുന്നു.