മല്യാ കേസിൽ എയർ ഡെക്കാൺ സ്ഥാപകൻ ഗോപിനാഥിനെതിരെയും അന്വേഷണം

Update: 2019-02-12 08:30 GMT

വിവാദ വ്യവസായി വിജയ് മല്യയുമായി ബന്ധപ്പെട്ട കേസിൽ ഡെക്കാൺ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപകനായ ജി.ആർ ഗോപിനാഥിനെതിരെയും അന്വേഷണം.     

ഡെക്കാൺ ഏവിയേഷന് എസ്ബിഐ അനുവദിച്ച 340 കോടി രൂപയുടെ വായ്പ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.  ഈ വായ്പ വകമാറ്റാൻ ചില രേഖകളിൽ ഗോപിനാഥ് ഒപ്പിട്ടെന്നാണ്  ആരോപണം.  

വായ്പ അനുവദിച്ച സമയത്ത് കിംഗ് ഫിഷർ ഡയറക്ടർ ആയിരുന്നു ഗോപിനാഥ്. 2007-ൽ എയർ ഡെക്കാൺ മല്യക്ക് കൈമാറിയിട്ടാണ് ഗോപിനാഥ് കിംഗ് ഫിഷർ ബോർഡിൽ സ്ഥാനം പിടിച്ചത്.          

2008 ഫെബ്രുവരിയിൽ ഗോപിനാഥിന് വിജയ് മല്യയുടെ കിംഗ് ഫിഷർ എയർലൈൻസ് 30 കോടി രൂപ നൽകിയതും നിരീക്ഷണത്തിലാണ്. എസ്ബിഐ 2008 ഫെബ്രുവരി ഒന്നിന് 29.96 രൂപ വായ്പാ കിംഗ് ഫിഷറിന് നൽകിയ ഉടനെയാണ് ഈ ഇടപാട് നടന്നത്. ഇതാണ് സംശയത്തിനിടയാക്കിയത്.         

ഗോപിനാഥിന് 30 കോടി രൂപ 'നോൺ-കോംപീറ്റ് ഫീ ആയി കൈമാറിയത് ഓഹരിയുടമകളേയും ഹൈക്കോടതിയേയും അറിയിക്കാതെയാണെന്ന് 2017-ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.          

2012 മുതൽ സർവീസ് നിർത്തിയ കിംഗ് ഫിഷർ വായ്പാ തിരിച്ചടവ് മുടക്കിയിരുന്നു. 9,000 കോടി രൂപയാണ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്. നിലവിൽ യുകെയിലുള്ള മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ബ്രിട്ടീഷ് കോടതിവിധി യുകെ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു

Similar News