വരുന്നു ഫ്‌ളൈ 91 എയര്‍ലൈന്‍സ്; സാരഥി മലയാളി മനോജ് ചാക്കോ
ആസ്ഥാനം ഗോവ; ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ച് ഈവര്‍ഷാവസാനം സര്‍വീസ് തുടങ്ങിയേക്കും
ഇന്ത്യയില്‍ പുതിയൊരു വിമാനക്കമ്പനി കൂടി പിറവിയെടുക്കുന്നു. തൃശൂര്‍ സ്വദേശിയും വ്യോമയാന രംഗത്ത് 30 വര്‍ഷത്തെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ നയിക്കുന്ന 'ഫ്‌ളൈ91 എയര്‍ലൈന്‍സ്' (fly91 Airlines) ആണ് നടപ്പുവര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പറക്കാനൊരുങ്ങുന്നത്. കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി (എന്‍.ഒ.സി) ലഭിച്ചു. ഇന്ത്യയുടെ ടെലിഫോണ്‍ കോഡിനെ സൂചിപ്പിക്കുന്നതാണ് പേരിലെ 91.
Also Read : ചരക്കുനീക്കം: കൊവിഡ് ക്ഷീണം മാറാതെ കേരളത്തിലെ വിമാനത്താവളങ്ങള്‍
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച 'ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്' (Udo Aviation) കീഴിലാണ് ഫ്‌ളൈ91 പ്രവര്‍ത്തിക്കുക. ഹര്‍ഷയുടെ കണ്‍വര്‍ജന്റ് ഫിനാന്‍സ് ആണ് മുഖ്യ നിക്ഷേപകര്‍. ഗോവയാണ്് ഫ്‌ളൈ91ന്റെ ആസ്ഥാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി വൈകാതെ ഫ്‌ളൈ91 അപേക്ഷ സമര്‍പ്പിക്കുമെന്ന് മനോജ് ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യം 6-12 വിമാനങ്ങള്‍
200 കോടി രൂപ പ്രാഥമിക മൂലധനത്തോടെയാണ് ഫ്‌ളൈ91 പ്രവര്‍ത്തനം തുടങ്ങുന്നത്. അനുമതികളെല്ലാം ലഭിച്ചാല്‍ ചെറു പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പറക്കുകയാണ് പ്രവര്‍ത്തനോദ്ദേശ്യം. 70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. ആദ്യവര്‍ഷം ആറ് വിമാനങ്ങള്‍ പാട്ടത്തിനെടുത്തായിരിക്കും പറക്കല്‍. രണ്ടാംവര്‍ഷം ഇത് 12 വിമാനങ്ങളായി ഉയര്‍ത്തും. അഞ്ചുവര്‍ഷത്തിനകം ലക്ഷ്യം 40 വിമാനങ്ങള്‍.
ലക്ഷ്യം ചെറുപട്ടണങ്ങള്‍
ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി അടിസ്ഥാനമാക്കിയായിരിക്കും ഫ്‌ളൈ91 പറക്കുക. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം (മോപ) കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഹൂബ്ലി, നാസിക്, ബെല്‍ഗാം, ഷിര്‍ദ്ദി, മൈസൂര്‍, കോലാപൂര്‍, ഷോലാപൂര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പിന്നീട് കേരളത്തിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് മനോജ് ചാക്കോ സൂചിപ്പിച്ചിട്ടുണ്ട്.
45-90 മിനുട്ട് നേരം പറക്കല്‍ നീളുന്ന റൂട്ടുകളാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രികരില്‍ 30 ശതമാനത്തോളവും ഇത്തരം റൂട്ടുകളിലാണുള്ളതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
മൂന്ന് പതിറ്റാണ്ടിന്റെ ആത്മവിശ്വാസം
മനോജ് ചാക്കോയായിരിക്കും ഫ്‌ളൈ91 എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സി.ഇ.ഒ). വ്യോമയാനം, യാത്ര (ട്രാവല്‍), അനുബന്ധമേഖലകളിലായി മൂന്ന് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുണ്ട് അദ്ദേഹത്തിന്. ഡബ്‌ള്യു.എന്‍.എസ് ഗ്ലോബല്‍ സര്‍വീസസ്, എസ്.ഒ.ടി.സി ട്രാവല്‍, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തുടങ്ങിയവയില്‍ നിര്‍ണായക ചുമതലകളും വഹിച്ചിട്ടുണ്ട്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെ അതിന്റെ പ്രതാപകാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായി വളര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചത് കമ്പനിയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന മനോജ് ചാക്കോയായിരുന്നു. ജെറ്റ് എയര്‍വേസ്, ഗള്‍ഫ് എയര്‍, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയ പ്രമുഖ കമ്പനികളില്‍ നിന്നുള്ളവരും വൈകാതെ ഫ്‌ളൈ91ന്റെ മാനേജ്‌മെന്റ് തലത്തിലേക്ക് എത്തിയേക്കും.
ആകാശപ്പോരാട്ടം
പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്രാദേശിക വിമാനക്കമ്പനിയായ ആകാശ എയര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനകം ഇന്ത്യന്‍ വ്യോമയാനമേഖലയുടെ മൂന്ന് ശതമാനം വിപണിവിഹിതം നേടാന്‍ ആകാശയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക റൂട്ടുകളിലേക്ക് ഫ്‌ളൈ91 എയര്‍ലൈന്‍സും വരുന്നതോടെ മത്സരം കൂടുതല്‍ ശക്തമാകും.