സാമൂഹ്യമാധ്യമങ്ങള്‍ പണിമുടക്കിയ ഏഴ് മണിക്കൂര്‍, സക്കര്‍ബര്‍ഗിന് നല്‍കേണ്ടിവന്നത് 'കനത്തവില'
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടികയിലെ സ്ഥാനവും പിന്നിലായി
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായതിനെ തുടര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിടേണ്ടിവന്നത് കനത്ത നഷ്ടം. സമ്പത്ത് കുറഞ്ഞതിന് പിന്നാലെ സമ്പന്നരുടെ പട്ടികയിലും അദ്ദേഹം നഷ്ടം നേരിടേണ്ടിവന്നു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിമുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണ് ഈ മൂന്ന് സാമൂഹ്യ മാധ്യങ്ങളും നിശ്ചലമായത്. തുടര്‍ന്ന് പലരും ഇന്റര്‍നെറ്റ് തകരാറായിരിക്കുമെന്ന് കരുതിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തടസങ്ങളുണ്ടെന്ന ഫേസ്ബുക്കിന്റെ ട്വീറ്റ് വന്നതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. പുലര്‍ച്ചെ നാലോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും പുന:സ്ഥാപിച്ചത്.
എന്നിരുന്നാലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് ഏകദേശം ആറ് ബില്യണ്‍ ഡോളറാണ് കുറഞ്ഞത്. ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഒരു സ്ഥാനം പോലും കുറയാന്‍ ഇത് കാരണമായി. സോഷ്യല്‍ മീഡിയ 'ഭീമന്റെ' ഓഹരികള്‍ ഏകദേശം അഞ്ച് ശതമാനത്തോളമാണ് കുറഞ്ഞത്. ഇതേതുടര്‍ന്ന് ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടികയിലെ അഞ്ചാം സ്ഥാനവും സക്കര്‍ബര്‍ഗിന് നഷ്ടമായി. ഇപ്പോള്‍, ബില്‍ ഗേറ്റ്സിന് പിന്നില്‍, 120.9 ബില്യണ്‍ ഡോളറുമായി ആറാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
അതേസമയം, ഉപഭോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡിഎന്‍എസിലുണ്ടായ തകരാറാണ് ആഗോളതലത്തില്‍ ഇവയുടെ സേവനം നിശ്ചലമാകാന്‍ കാരണം. സംഭവത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചിട്ടുണ്ട്.