'എയര്‍ഇന്ത്യ ടാറ്റയ്ക്ക്' എന്നത് ഉറപ്പായിട്ടില്ല! ലേലം ഉറപ്പിച്ചെന്നത് തെറ്റായ വാര്‍ത്തയെന്ന് മന്ത്രാലയം
എയര്‍ഇന്ത്യ ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് ഔദ്യോഗിക വാര്‍ത്തയല്ല, സ്ഥിരീകരിച്ച് മന്ത്രാലയവും ബന്ധപ്പെട്ട വൃത്തങ്ങളും.;
എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിക്കാതെ മന്ത്രാലയം.
'എയര്‍ഇന്ത്യ ഓഹരി വിറ്റഴിക്കലിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ലേലത്തില്‍ അംഗീകാരമായെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും.' നിക്ഷേപ, പൊതു അസറ്റ് മാനേജ്‌മെന്റ് (DIPAM- Department of Investment and Public Asset Management) വകുപ്പ് നിഷേധിച്ചു.
എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് ആണ് വിജയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ടാറ്റാ ഗ്രൂപ്പും സ്പെയ്സ് ജെറ്റ് സ്ഥാപകന്‍ അജയ് സിംഗുമായിരുന്നു എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ബിഡ്ഡുകള്‍ സമര്‍പ്പിച്ചിരുന്നവരില്‍ പ്രധാനികള്‍.
ടാറ്റാ സണ്‍സ് 67 വര്‍ഷങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യയെ വീണ്ടും ഏറ്റെടുക്കുന്നുവെന്ന തരത്തിലാണ് ദേശീയ തലത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തയാണ് ഡിപാമും കേന്ദ്രമന്ത്രി നിര്‍മലാസീതാരാമന്റെ ഓഫീസ് വൃത്തങ്ങളും തടഞ്ഞുവച്ചിട്ടുള്ളത്.