ലക്ഷം കോടി ഡോളര്‍ ക്ലബ്ബില്‍ വീണ്ടും മെറ്റ; $3 ലക്ഷം കോടി കടന്ന് മൈക്രോസോഫ്റ്റ്
അമേരിക്കന്‍ ഓഹരി വിപണിയിലെ മുന്നേറ്റമാണ് കമ്പനികളെ പുതിയ നാഴികക്കല്ലുകള്‍ നേടാന്‍ സഹായിച്ചത്
അമേരിക്കന്‍ ഓഹരി വിപണിയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വിപണി മൂല്യം ഇന്നലെ ഒരു ലക്ഷം കോടി ഡോളര്‍ കടന്നു. ഇതോടെ ലോകത്തെ ലക്ഷം കോടി കമ്പനികളുടെ ലിസ്റ്റിൽ വീണ്ടും മെറ്റ ഇടംപിടിച്ചു. ഇന്നലെ യു.എസ് വിപണിയുടെ റെക്കോഡ് റാലിയുടെ ചുവടുപിടിച്ച് ഓഹരി വില ഒരു ശതമാനത്തോളം ഉയര്‍ന്ന് 390 ഡോളറിലെത്തിയതാണ് കമ്പനിയുടെ വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തിച്ചത്. 2021ലാണ് ഇതിന് മുമ്പ് കമ്പനി ഈ നേട്ടം കുറിച്ചത്. അന്ന് ആദ്യമായായിരുന്നു ട്രില്യണ്‍ ഡോളര്‍ പദവി നേടിയത്. 1.1 ലക്ഷം കോടിഡോളറായിരുന്നു അന്ന് വിപണി മൂല്യം.
കഴിഞ്ഞ വര്‍ഷം ചെലവു ചുരുക്കലിന്റെ ഭാഗമായി മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 20,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും മറ്റും ചെയ്തതിനു ശേഷം ഇതുവരെ 200 ശതമാനത്തോളം കുതിപ്പ് ഓഹരി നേടിയിട്ടുണ്ട്. 2022ല്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരം കണ്ട ഓഹരിയാണിത്. ഇന്നലത്തെ വ്യാപാരത്തിനിടെ ഒരുവേള 396 ഡോളര്‍ വരെ എത്തിയ ഓഹരിയുടെ ഈ വര്‍ഷത്തെ ഇതു വരെയുള്ള ഉയര്‍ച്ച 10 ശതമാനത്തിലധികമാണ്.
ആപ്പിളിനോട് മത്സരിച്ച് മൈക്രോസോഫ്റ്റ്
അമേരിക്കന്‍ ഓഹരി വിപണിയുടെ കുതിപ്പ് ഇന്നലെ ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി കടക്കാനും സഹായിച്ചു. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനു പിന്നാലെ ഈ സ്ഥാനം നേടുന്ന രണ്ടാമത്തെ കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഇന്നലത്തെ വ്യാപാരത്തില്‍ ഓഹരി 1.7 ശതമാനം ഉയര്‍ന്ന് 405.63 ഡോളറിലെത്തിയതാണ് വിപണി മൂല്യം 3 ലക്ഷം കോടി ഡോളറിലെത്താന്‍ സഹായിച്ചത്. ഒരുവേള ആപ്പിളിന്റെ വിപണി മൂല്യത്തെ മൈക്രോസോഫ്റ്റ് മറികടന്നിരുന്നെങ്കിലും ഓഹരി വില 0.9 ശതമാനം കുറഞ്ഞതോടെ വ്യാപാരാന്ത്യത്തില്‍ വിപണി മൂല്യം 2.99 ലക്ഷം കോടി ഡോളറായി. ആപ്പിളിന്റെ നിലവിലെ വിപണി മൂല്യം 3.01 ലക്ഷം കോടി ഡോളറാണ്. ഡോളര്‍
ജനുവരി ആദ്യം ആപ്പിളിനെ മൈക്രോസോഫ്റ്റ് മറികടന്നിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ ഒന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലാണ്.