ലക്ഷ്യമിടുന്നത് 7,500 കോടി; അശോക ഹോട്ടല്‍ മോണിറ്റൈസേഷന്‍ 3 ഭാഗങ്ങളായി
ഐടിഡിസിയില്‍ 87.03 ശതമാനം ഓഹരി വിഹിതമാണ് കേന്ദ്രത്തിനുള്ളത്. 7.87 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് കീഴിലാണ്
ഡല്‍ഹിയിലെ പ്രശസ്തമായ ആശോക ഹോട്ടല്‍ മൂന്ന് ഭാഗങ്ങളായി കേന്ദ്രം ലീസിന് നല്‍കിയേക്കും. ഹോട്ടലിന് കീഴിലുള്ള സ്ഥലങ്ങള്‍ രണ്ടായി തിരിച്ച് കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്ക് നല്‍കാനാണ് ആലോചന. ഹോട്ടല്‍ നടത്തിപ്പിനുള്ള അവകാശം പ്രത്യേകമായി ആവും നല്‍കുക.
ഇന്ത്യ ടൂറിസം വികസന കോര്‍പറേഷന്റെ (ITDC) കീഴിലുള്ളതാണ് ഹോട്ടല്‍. 11.42 ഏക്കറിലാണ് അശോക ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 16 സ്യൂട്ട് റൂമുകള്‍ ഉള്‍പ്പടെ ഹോട്ടലിലുള്ളത് 550 മുറികളാണ്. ഹോട്ടല്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ്, ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് നല്‍കാനുള്ള നികുതി കുടിശിക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായ ശേഷം ലീസിംഗ് നടപടികള്‍ ആരംഭിക്കും. നിക്ഷേപകരെ ആകര്‍ഷിക്കാനായി കഴിഞ്ഞ ഓഗസ്റ്റ് 22ന് നടത്തിയ റോഡ്‌ഷോയില്‍ ഇരുപത്തിയൊമ്പതോളം കമ്പനികള്‍ പങ്കെടുത്തിരുന്നു.
60 വര്‍ഷത്തേക്ക് ഹോട്ടല്‍ ലീസിന് നല്‍കാനാണ് ആലോചന. ഹോട്ടലും, ഭൂമിയും ഉള്‍പ്പടെയുള്ള ലീസിംഗ് കരാറിലൂടെ 7,500 കോടി രൂപയോളം കേന്ദ്രത്തിന് സമാഹരിക്കാനായേക്കും. കേന്ദ്രസര്‍ക്കാരിന് ഐടിഡിസിയില്‍ 87.03 ശതമാനം ഓഹരി വിഹിതമാണ് കേന്ദ്രത്തിനുള്ളത്. 7.87 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് കീഴിലാണ്. ബാക്കിയുടെ 5.1 ശതമാനം ഓഹരികളാണ് നിക്ഷേപകരുടെ കൈവശമുള്ളത്. നിലവില്‍ 330 രൂപയാണ് ഐടിഡിസിയുടെ ഓഹരി വില.