കരുത്തുറ്റ ടയര്‍ ബ്രാന്‍ഡ്: ആഗോള വമ്പന്മാര്‍ക്കിടയില്‍ മികച്ച നേട്ടവുമായി എം.ആര്‍.എഫ്
2022ല്‍ ബ്രിജ്‌സ്‌റ്റോണിനെ പിന്തള്ളിയ ശേഷം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എം.ആര്‍.എഫിന്റെ ഈ നേട്ടം
ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള ടയര്‍ ബ്രാന്‍ഡ് ഏതാണ്? ബ്രാന്‍ഡ് ഫൈനാന്‍സ് തയ്യാറാക്കിയ 2023ലെ ഏറ്റവും മൂല്യമുള്ള ടയര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ 790 കോടി ഡോളര്‍ (ഏകദേശം 65,000 കോടി രൂപ) ബ്രാന്‍ഡ് മൂല്യവുമായി മിഷലിന്‍ (Michelin) തുടര്‍ച്ചയായി ആറാം തവണയും ഒന്നാമതെത്തി. 700 കോടി ഡോളര്‍ (57,500 കോടി രൂപ) ബ്രാന്‍ഡ് മൂല്യവുമായി ബ്രിഡ്ജ്സ്റ്റോണ്‍ രണ്ടാമതാണ്. കോണ്ടിനെന്റലിനാണ് മൂന്നാം സ്ഥാനം (ബ്രാന്‍ഡ് മൂല്യം 410 കോടി ഡോളര്‍/33,800 കോടി രൂപ).
ഏറ്റവും വേഗം വളരുന്നത് ഈ ബ്രാന്‍ഡ്
ബ്രാന്‍ഡ് ഫൈനാന്‍സിന്റെ പഠനത്തില്‍ ഏറ്റവും വേഗം വളരുന്ന ടയര്‍ ബ്രാന്‍ഡ് ചൈനയുടെ സെയ്ലന്‍ (Saillun) ആണ്. 70 കോടി ഡോളറാണ് (5,800 കോടി രൂപ) ബ്രാന്‍ഡ് മൂല്യം കണക്കാക്കിയിരിക്കുന്നത്.
'കരുത്തുറ്റ ബ്രാന്‍ഡു'കളുടെ പട്ടികയില്‍ ഇന്ത്യന്‍ ബ്രാന്‍ഡായ എം.ആര്‍.എഫ് രണ്ടാം സ്ഥാനം നിലനിറുത്തി. 2022ല്‍ ബ്രിജ്‌സ്‌റ്റോണിനെ പിന്തള്ളി ഈ സ്ഥാനത്ത് എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എം.ആര്‍.എഫിന്റെ ഈ നേട്ടം.
'കരുത്തുറ്റ ബ്രാന്‍ഡു'കളില്‍ ഒന്നാം സ്ഥാനം മിഷലനാണ്. ഈ വിഭാഗത്തില്‍ ഗുഡ്ഇയര്‍ ആണ് മൂന്നാമത്.
വിപണി വലിപ്പത്തിലടക്കം ഏറെ മുന്നില്‍ നില്‍ക്കുന്ന ആഗോള വമ്പന്‍മാര്‍ക്കിടയില്‍ ഈ നേട്ടം കൈവരിക്കാനായി എന്നത് എം.ആര്‍.എഫിനെ സംബന്ധിച്ച് അഭിമാനകരമായ കാര്യം തന്നെയാണ്.
(This article was originally published in Dhanam Magazine July 31st issue)