എംആര്‍എഫിന്റെ അറ്റാദായത്തില്‍ 71 ശതമാനം ഇടിവ്

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 512 കോടി രൂപയായിരുന്നു അറ്റാദായം.

Update:2022-02-11 14:48 IST

മുന്‍നിര ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന് തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായത്തില്‍ ഗണ്യമായ ഇടിവ്. 2021 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍, വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടും അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. 71 ശതമാനം ഇടിവോടെ 146 കോടി രൂപയാണ് കമ്പനിക്ക് അറ്റാദായം നേടാനായത്.

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 512 കോടി രൂപയായിരുന്നു ടയര്‍നിര്‍മാണക്കമ്പനി അറ്റാദായം നേടിയത്.
2021 ഡിസംബറിലെ അറ്റ വില്‍പ്പന 4,920.13 കോടി രൂപയാണ്. 2020 ഡിസംബറില്‍ 4,641.60 കോടി രൂപയില്‍ നിന്നും 6% ഉയര്‍ന്നു.
ഫലപ്രഖ്യാപനത്തോടൊപ്പം എംആര്‍എഫ് ലിമിറ്റഡ് വ്യാഴാഴ്ച ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതം നല്‍കുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി ഫെബ്രുവരി 18 കമ്പനി നിശ്ചയിച്ചിട്ടുണ്ട്. രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം മാര്‍ച്ച് 4-നോ അതിനു ശേഷമോ നല്‍കുമെന്നുമാണ് അറിയിപ്പ്.
ഫെബ്രുവരി 4 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 5 വര്‍ഷത്തേക്ക് രാഹുല്‍ മാമ്മന്‍ മാപ്പിള്ളയെത്തന്നെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിക്കുന്നതായും കമ്പനിയുടെ ബോര്‍ഡ് തീരുമാനിച്ചു.
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഫെബ്രുവരി 2-ന് എംആര്‍എഫ് ഉള്‍പ്പെടുന്ന ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനുള്‍പ്പെടെയുള്ള ചില ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് 2011-12 കാലഘട്ടത്തില്‍, 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് പിഴ ചുമത്തി ഉത്തരവിറക്കി. കമ്പനിക്ക് മാത്രം 622.09 കോടി രൂപയാണ് പിഴ ചുമത്തിയത്.


Tags:    

Similar News