ബ്രാന്‍ഡിംഗില്‍ അമിതാഭ് ബച്ചനെയും ഷാരൂഖാനെയും കടത്തിവെട്ടി ധോണി; ആദ്യ പത്തില്‍ ഈ രണ്ട് ക്രിക്കറ്റ് താരങ്ങളും

42 ബ്രാന്‍ഡുകള്‍ക്കാണ് ധോണി മുഖം കാണിക്കുന്നത്

Update:2024-12-10 18:34 IST

ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുന്നതില്‍ സൂപ്പര്‍ സിനിമാ താരങ്ങളെയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം എം.എസ്. ധോണി. ടാം മീഡിയ റിസര്‍ച്ച് (TAM Media Rese-arch) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 42 ബ്രാന്‍ഡുകളുമായാണ് ധോണി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 32 ബ്രാന്‍ഡുകളായിരുന്നു.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അക്ഷയ് കുമാറും ബ്രാന്‍ഡ് മത്സരത്തില്‍ ധോണിക്ക് പിന്നിലാണ്. അമിതാഭ് ബച്ചന്‍ 41 ബ്രാന്‍ഡുകളുമായി രണ്ടാം സ്ഥാനത്തും ഷാരൂഖ് ഖാന്‍ 34 ബ്രാന്‍ഡുകളുമായി മൂന്നാം സ്ഥാനത്തുമാണ്.
ബ്രാന്‍ഡ് പ്രമോഷനില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മറ്റ് രണ്ട് ക്രിക്കറ്റ് താരങ്ങളും ഇടംപിടിച്ചു. 21 ബ്രാന്‍ഡുകളുമായി കാരാറുള്ള വിരാട് കോലി 10-ാം സ്ഥാനത്താണ്. സൗരവ് ഗാംഗുലി 24 ബ്രാന്‍ഡുകളുമായി എട്ടാം സ്ഥാനത്താണ്. കോലി സഹകരിക്കുന്ന ബ്രാന്‍ഡുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വളരെ കുറവുണ്ടായി. 2023 ജനുവരി-ജൂണില്‍ 29 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് കോലി പരസ്യം ചെയ്തിരുന്നത്.
കരീന കപൂര്‍, അക്ഷയ്കുമാര്‍, കിയാര അദ്വാനി, മാധുരി ദീക്ഷിത് എന്നിവരാണ് നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍. രണ്‍വീര്‍ സിംഗ് 27 ബ്രാന്‍ഡുകളുമായി ഒമ്പതാം സ്ഥാനത്താണ്. വാണിജ്യ പരസ്യങ്ങളുടെ മാത്രം പട്ടികയാണ് ടാം റിസര്‍ച്ച് മീഡിയ പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ സോഷ്യല്‍ മീഡിയ കാംപെയ്‌നുകളും പരസ്യങ്ങളും ഉള്‍പ്പെടുന്നില്ല.

ഐ.പി.എല്‍ ലേലത്തിലും കോടിത്തിളക്കം

ഐ.പി.എല്‍ മെഗാ ലേലത്തിലും ധോണിയും കോലിയും മൂല്യം തെളിയിച്ചിരുന്നു. 2020 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയെ 4 കോടി രൂപയ്ക്കാണ് ചെന്നെ സൂപ്പര്‍ കിംഗ്‌സ് നിലനിറുത്തിയത്. അതേസമയം റോയല്‍ ചലഞ്ചേഴ്‌സിന്റെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് കോലി. 21 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പുവച്ചത്.
ഐ.പി.എല്ലില്‍ ഏറ്റവും മൂല്യമുള്ള താരം ഋഷഭ് പന്താണ്. 27 കോടി രൂപയ്ക്കാണ് ലഖ്നോ സൂപ്പർ ജയൻ്റ്സ് റിഷബ് പന്തിനെ സ്വന്തമാക്കിയത്. തൊട്ടു പിന്നില്‍ 26.75 കോടി രൂപ മൂല്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ശ്രേയസ് അയ്യരുമുണ്ട്.


Tags:    

Similar News