ട്രംപ് മോഹിച്ചു, മുകേഷ് അംബാനി സ്വന്തമാക്കി
ബ്രിട്ടനിലെ കണ്‍ട്രി ക്ലബായ സ്റ്റോക്ക് പാര്‍ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈകളില്‍നിന്ന് മുകേഷ് അംബാനിയിലേക്ക്
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ബ്രിട്ടനിലെ കണ്‍ട്രി ക്ലബായ സ്റ്റോക്ക് പാര്‍ക്ക് സ്വന്തമാക്കി മുകേഷ് അംബാനി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വന്തമായിരുന്ന ക്ലബ് 592 കോടിയോളം രൂപയ്ക്കാണ് (60 ദശലക്ഷം ഡോളര്‍) മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കിയത്. ആഡംബര ഗോള്‍ഫ് കോഴ്‌സും റിസോര്‍ട്ടും അടക്കമുള്ള സ്റ്റോക്ക് പാര്‍ക്ക് 300 ഓളം ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. സിനിമ വ്യവസായത്തിലും ശ്രദ്ധേയമായ സ്റ്റോക്ക് പാര്‍ക്കില്‍ ഹോട്ടലുകള്‍, കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍, വിനോദം, സ്‌പോര്‍ട്‌സ്, ഗോള്‍ഫ് കോഴ്‌സ് എന്നിവയ്‌ക്കൊക്കെ സ്ഥാപനങ്ങളുണ്ട്. 900 ഓളം വര്‍ഷത്തെ പഴക്കമുള്ള സ്റ്റോക്ക് പാര്‍ക്ക് നേരത്തെ ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നിരുന്നില്ല.
49 ആഡംബര ബെഡ്‌റൂം സ്യൂട്ടുകളും 13 ടെന്നീസ് കോര്‍ട്ടുകളും 14 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സ്വകാര്യ ഗാര്‍ഡനും സ്റ്റോക്ക് പാര്‍ക്കിലുണ്ട്. രണ്ട് ജെയിംസ് ബോണ്ട് ചിത്രങ്ങളും ഇവിടെ വെച്ചായിരുന്നു ചിത്രീകരിച്ചത്.
കണ്‍സ്യൂമര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലയിലെ വളര്‍ച്ച കൂടിയാണ് സ്റ്റോക്ക് പാര്‍ക്ക് സ്വന്തമാക്കുന്നതിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത്.