റീറ്റെയ്ല്‍ കിംഗിന്റെ പതനം: കൂടുതല്‍ കരുത്തോടെ മുകേഷ് അംബാനി

Update: 2020-09-03 10:19 GMT

റിലയന്‍സ് - ഫ്യൂച്ചര്‍ ഗ്രൂപ്പ് ഡീലിന്റെ ഭാഗമായി 15 വര്‍ഷത്തേക്ക് കിഷോര്‍ ബിയാനിയും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും റീറ്റെയ്ല്‍ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത് മുകേഷ് അംബാനിക്ക് കൂടുതല്‍ കരുത്താകും. കനത്ത കടഭാരത്തെ തുടര്‍ന്നാണ് രാജ്യത്തെ സംഘടിത റീറ്റെയ്ല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച റീറ്റെയ്ല്‍ കിംഗ് കിഷോര്‍ ബിയാനി തന്റെ ഫ്യൂച്ചര്‍ ഗ്രൂപ്പ് സാമ്രാജ്യം മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പിന് വിറ്റൊഴിഞ്ഞത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍, ഹോള്‍സെയ്ല്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ 24,713 കോടി രൂപയ്ക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വാങ്ങിയത്. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, നീല്‍ഗിരീസ്, സെന്‍ട്രല്‍, ബ്രാന്‍ഡ് ഫാക്ടറി എന്നീ ഫോര്‍മാറ്റുകള്‍ മുകേഷ് അംബാനിയുടെ കൈകളിലായി. റിലയന്‍സ് - ഫ്യൂച്ചര്‍ ഗ്രൂപ്പ് ഡീലിന്റെ ഭാഗമായുള്ള മറ്റൊരു വ്യവസ്ഥയും മുകേഷ് അംബാനിയെ കൂടുതല്‍ കരുത്താനാക്കിയിരിക്കുകയാണ്.

കിഷോര്‍ അംബാനിയ്‌ക്കോ അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കോ 15 വര്‍ഷത്തേക്ക് റീറ്റെയ്ല്‍ രംഗത്ത് ബിസിനസ് നടത്താന്‍ പാടില്ല എന്നതാണ് ഈ ഡീലിന്റെ സുപ്രധാനമായ ഒരു വ്യവസ്ഥ. പല ബ്രാന്‍ഡ് ഉടമകളും തങ്ങള്‍ വളര്‍ത്തിയ ബ്രാന്‍ഡ് വില്‍പ്പന നടത്തിയ ശേഷം അതേ മേഖലയില്‍ മറ്റൊന്ന് അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഒഴിവാക്കാനാണ് നോണ്‍ കോംപീറ്റ് എഗ്രിമെന്റ് പൊതുവേ വെയ്ക്കുക. സാധാരണയായി 3 - 5 വര്‍ഷത്തേക്കാണ് ഈ ധാരണ പലരും വെയ്ക്കാറെങ്കിലും അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലായവര്‍ ഏത് വിധേനയും വില്‍പ്പന നടക്കാന്‍ വേണ്ടി കൂടുതല്‍ കാലത്തേക്കുള്ള വ്യവസ്ഥയ്ക്കും തയ്യാറാകും.

മാത്രമല്ല, ചില കമ്പനികള്‍ വില്‍പ്പന നടത്തിയാലും പഴയ മാനേജ്‌മെന്റ് തന്നെ തുടരാറുമുണ്ട്. പക്ഷേ കിഷോര്‍ ബിയാനി, മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ കീഴില്‍ നില്‍ക്കാനും സാധ്യതയില്ല.

15 വര്‍ഷത്തേക്ക് റീറ്റെയ്ല്‍ ബിസിനസില്‍ ഇല്ല എന്ന വ്യവസ്ഥ കിഷോര്‍ ബിയാനി സമ്മതിച്ച സ്ഥിതിക്ക് ഇനി അദ്ദേഹത്തില്‍ നിന്ന് മറ്റൊരു നീക്കമാകും ഉണ്ടാവുക.

നിലവില്‍ പ്രാക്‌സിസ് റീറ്റെയ്ല്‍ മാത്രമാണ് കിഷോര്‍ ബിയാനിയുടെ കൈവശമുള്ളത്. 2017ല്‍ ഈ വിഭാഗത്തെ അദ്ദേഹം ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്ന് മാറ്റിയിരുന്നു. പ്രാക്‌സിസ് ഹോം റീറ്റെയ്ല്‍ എന്ന കമ്പനിക്ക് കീഴിലുള്ള പ്രാക്‌സിസ് റീറ്റെയ്‌ലിന് 48 ഓളം ഹോം ടൗണ്‍ സ്‌റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 702 കോടി രൂപയാണ് ഈ കമ്പനിയുടെ വരുമാനം. എഫ് എം സി ജി, ഗാര്‍മെന്റ് മാനുഫാക്ചറിംഗ് ബിസിനസുകളും ബിയാനിക്ക് കീഴില്‍ ഇപ്പോള്‍ ശേഷിക്കുന്നുണ്ട്. 1990കളില്‍ കിഷോര്‍ ബിയാനി എവിടെ നിന്നാണോ യാത്ര തുടങ്ങിയത് അതേ തലത്തിലാണിപ്പോള്‍. അതേസമയം മുകേഷ് അംബാനി, ജെഫ് ബെസോസിന്റെ ആമസോണിനെ ഇന്ത്യയില്‍ അതിശക്തമായി നേരിടാന്‍ മാത്രം കരുത്തനും ആയിരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News