വൈകിട്ട് കലമുടച്ച് ഓഹരി വിപണി! ഇന്ത്യന്‍ ഓയിലും പതഞ്ജലിയും തളര്‍ന്നു; തിളങ്ങി മണപ്പുറവും ആര്‍.ഇ.സിയും
ആശീര്‍വാദ് മൈക്രോഫിനാന്‍സ് ഐ.പി.ഒയ്ക്ക്, റെക്കോഡ് കൈവിട്ട് നിഫ്റ്റി, 20% കുതിച്ച് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
വൈകിട്ടുവരെ നേട്ടം വാരിക്കോരിയിട്ട്, അവസാനം നേട്ടത്തിന്റെ കലമുടയ്ക്കുന്ന കാഴ്ചയായിരുന്നു ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍. ഒരുവേള റെക്കോഡ് പുതുക്കിയെഴുതുമെന്ന് തോന്നിച്ച സെന്‍സെക്‌സ്; പുതിയ ഉയരം താണ്ടിയ നിഫ്റ്റി. പക്ഷേ, വ്യാപാരത്തിന്റെ അവസാന അരമണിക്കൂറില്‍ ഐ.ടി., മെറ്റല്‍ ഓഹരികളില്‍ ആഞ്ഞടിച്ച വില്‍പനസമ്മര്‍ദ്ദത്തില്‍ തട്ടി നേട്ടക്കുടം പൊട്ടിവീണു. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ വമ്പന്മാര്‍ നേരിട്ട വില്‍പനസമ്മര്‍ദ്ദവും സൂചികകളെ ഉലച്ചു.
നേട്ടത്തോടെ 74,800ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഇന്നൊരുവേള 75,111 വരെ എത്തിയിരുന്നു. ഏപ്രില്‍ 9ന് കുറിച്ച റെക്കോഡായ 75,124 ഭേദിക്കുമെന്ന് തോന്നിച്ച നിമിഷം. പക്ഷേ, വ്യാപാരത്തിന്റെ അവസാന അരമണിക്കൂറില്‍ കാര്യങ്ങള്‍ തകിടംമറിഞ്ഞു. സെന്‍സെക്‌സ് 74,346 വരെ ഇടിഞ്ഞു. എന്നാല്‍, വ്യാപാരാന്ത്യത്തില്‍ 188.50 പോയിന്റ് (-0.25%) നഷ്ടവുമായി 74,482.78ലാണ് സെന്‍സെക്‌സുള്ളത്.
നിഫ്റ്റിയാകട്ടെ ഇന്നൊരുവേള എക്കാലത്തെയും ഉയരമായ 22,783 വരെ എത്തിയിരുന്നു. ശേഷം 22,568 വരെ താഴുകയും ചെയ്തു. വ്യാപാരം അവസാനിപ്പിച്ചത് 38.55 പോയിന്റ് (-0.17%) നഷ്ടവുമായി 22,604.85ല്‍.
എന്താണ് ഓഹരി വിപണിക്ക് സംഭവിച്ചത്?
അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ഈമാസത്തെ ധനനയ നിര്‍ണായക യോഗം ഇന്ന് ആരംഭിക്കും. നാളെ ധനനയം പ്രഖ്യാപിക്കും.
പണപ്പെരുപ്പം കഴിഞ്ഞമാസം പരിധിവിട്ടുയര്‍ന്നതിനാല്‍ ധൃതിപിടിച്ച് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കില്ലെന്ന് നിരീക്ഷകര്‍ വാദിക്കുന്നു. എങ്കിലും ഫെഡറല്‍ റിസര്‍വില്‍ നിന്ന് ഇത് സംബന്ധിച്ച് എന്ത് അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നത് ആഗോളതലത്തില്‍ ഓഹരികളെ സമ്മിശ്ര പ്രതികരണങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.
ഐ.ടി., മെറ്റല്‍ ഓഹരികളില്‍ ഇതോടെ ലാഭമെടുപ്പ് തകൃതിയായി. കഴിഞ്ഞദിവസങ്ങളിലെ കുതിപ്പ് മുതലെടുത്ത് ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികളിലും ലാഭമെടുപ്പ് മേളം കൊട്ടിക്കയറിയത് ഓഹരി സൂചികകളെ വൈകിട്ടോടെ നഷ്ടത്തിലേക്ക് വീഴ്ത്തുകയായിരുന്നു.
നഷ്ടത്തിലേക്ക് വീണവര്‍
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
നിഫ്റ്റി 200ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 4.41 ശതമാനം ഇടിവുമായി നഷ്ടത്തില്‍ ഒന്നാമതെത്തി. പതഞ്ജലി ഫുഡ്‌സ് 4.13 ശതമാനം താഴ്ന്ന് രണ്ടാമതുണ്ട്. യെസ് ബാങ്ക്, ആദിത്യ ബിര്‍ള കാപ്പിറ്റല്‍, പി.ഐ ഇന്‍ഡസ്ട്രീസ് എന്നിവ 2.79 മുതല്‍ 3.51 ശതമാനം വരെ ഇടിവുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
മാര്‍ച്ചുപാദ ലാഭം 49.96 ശതമാനം ഇടിഞ്ഞെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ഓയിലിന്റെ ഓഹരികളെ തളര്‍ത്തിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 10,289.82 കോടി രൂപയില്‍ നിന്ന് 5,148.87 കോടി രൂപയായാണ് ലാഭം ഇടിഞ്ഞത്.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. നികുതിയടവ് കുടിശികയായെന്ന് കാട്ടി ജി.എസ്.ടി വകുപ്പില്‍ നിന്ന് പതഞ്ജലിക്ക് നോട്ടീസും കിട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓഹരികളുടെ വീഴ്ച.
നേട്ടത്തിലേറി കുതിച്ചവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തില്‍ പിടിച്ചുനിന്ന പ്രമുഖര്‍.
ആര്‍.ഇ.സി ലിമിറ്റഡ് 10 ശതമാനം കുതിപ്പുമായി നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടത്തിലേറി. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയാണ് 4.43 മുതല്‍ 5.78 ശതമാനം വരെ നേട്ടവുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
മാര്‍ച്ചുപാദ ലാഭം 33 ശതമാനം ഉയര്‍ന്ന് 4,079 കോടി രൂപയിലെത്തിയ പശ്ചാത്തലത്തിലാണ് ആര്‍.ഇ.സി ലിമിറ്റഡിന്റെ മുന്നേറ്റം. തുടര്‍ച്ചയായ ഏഴാംനാളിലാണ് ഓഹരികളുടെ കുതിപ്പ്. ചില ഓഹരി വിപണി വിദഗ്ദ്ധരില്‍ നിന്ന് 'വാങ്ങല്‍' സ്റ്റാറ്റസ് കിട്ടിയ സാഹചര്യത്തിലാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത്.
ഒ2 റിന്യൂവബിള്‍ എനര്‍ജി എന്ന കമ്പനിയില്‍ ഓഹരി പങ്കാളിത്തം നേടിയ സാഹചര്യത്തിലാണ് ജൂബിലന്റ് ഫുഡ്‌വര്‍ക്‌സിന്റെ ഓഹരികളുടെ നേട്ടം.
ടാറ്റാ നെക്‌സോണ്‍, മാരുതി ബ്രെസ, കിയ സോണറ്റ് എന്നീ ശ്രദ്ധേയ മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയെന്നോണം മഹീന്ദ്ര പുത്തന്‍ എക്‌സ്.യു.വി 3എക്‌സ്.ഒ എന്ന സബ്-കോംപാക്റ്റ് എസ്.യു.വി ഇന്നലെ വിപണിയിലിറക്കിയിരുന്നു. 7.50 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. പുത്തന്‍ വണ്ടിയുടെ ലോഞ്ച് ഇന്ന് മഹീന്ദ്രയുടെ ഓഹരികളും ആഘോഷമാക്കി; ഓഹരിവില 5 ശതമാനത്തോളം ഇന്ന് കയറി. ആംഫിയുടെ (Amfi) ലാര്‍ജ്ക്യാപ്പ് ശ്രേണിയിലേക്ക് ഇടംനേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ജെ.എസ്.ഡബ്ല്യു എനര്‍ജിയുടെ കയറ്റം.
റിസര്‍വ് ബാങ്കില്‍ നിന്ന് യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സ് അഥവാ സമ്പൂര്‍ണ വാണിജ്യ ബാങ്കിംഗ് ലൈസന്‍സ് നേടാന്‍ അപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇന്ന് 20 ശതമാനം കുതിച്ചുയര്‍ന്നു.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ ഇന്ന് 24 ഓഹരികള്‍ നേട്ടത്തിലും 25 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. 4.75 ശതമാനം ഉയര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേട്ടത്തിലും രണ്ട് ശതമാനം താഴ്ന്ന് ടെക് മഹീന്ദ്ര നഷ്ടത്തിലും ഒന്നാമതെത്തി.
ബി.എസ്.ഇയില്‍ 1,804 ഓഹരികള്‍ നേട്ടത്തിലും 2,014 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 132 ഓഹരികളുടെ വില മാറിയില്ല. 267 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 22 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ട് ഇന്ന് കാലിയായിരുന്നു; ഒരു കമ്പനി ലോവര്‍-സര്‍ക്യൂട്ടിലുണ്ടായിരുന്നു.
വിശാല വിപണിയിലെ ഓട്ടോക്കുതിപ്പ്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കാഴ്ചവച്ച മുന്നേറ്റത്തിന്റെ ഊര്‍ജവുമായി വിശാല വിപണിയില്‍ ഇന്ന് ഏറ്റവുമധികം ശ്രദ്ധ നേടിയത് 1.82 ശതമാനം നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓട്ടോ സൂചികയാണ്. നിഫ്റ്റി റിയല്‍റ്റി 1.45 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക് 0.48 ശതമാനവും ഉയര്‍ന്ന് ഒഴിച്ചാല്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.
നിഫ്റ്റി മെറ്റല്‍ ഒരു ശതമാനം, മീഡിയ 1.02 ശതമാനം, ഐ.ടി 1.13 ശതമാനം എന്നിങ്ങനെ താഴ്ന്നു. നിഫ്റ്റി ബാങ്കിന്റെ വീഴ്ച 0.06 ശതമാനമാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.07 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ്പ് സൂചിത 0.04 ശതമാനം താഴ്ന്നു.
ആശീര്‍വാദ് ഐ.പി.ഒ: തിളങ്ങി മണപ്പുറം ഫിനാന്‍സ്
കാത്തിരിപ്പിനൊടുവില്‍ ഉപസ്ഥാപനം ആശീര്‍വാദ് മൈക്രോഫിനാന്‍സിന് സെബിയില്‍ നിന്ന് ഐ.പി.ഒയ്ക്കുള്ള അനുമതി കിട്ടിയ പശ്ചാത്തലത്തില്‍ ഇന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഒരുവേള 5 ശതമാനം കുതിച്ച് 207 രൂപവരെ എത്തി. വ്യാപാരാന്ത്യത്തിലെ നേട്ടം 1.75 ശതമാനമാണ്. 1,500 കോടി രൂപയുടെ സമാഹരണമാകും ആശീര്‍വാദ് ഉന്നമിടുക. കഴിഞ്ഞ ഒക്ടോബറില്‍ ഐ.പി.ഒയ്ക്കുള്ള അപേക്ഷ (DRHP) ആശീര്‍വാദ് സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി നല്‍കുന്നത് സെബി നീട്ടിവച്ചിരുന്നു.
അപ്പോളോ ടയേഴ്‌സ്, ബി.പി.എല്‍, ഫെഡറല്‍ ബാങ്ക്, ഇന്‍ഡിട്രേഡ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, റബ്ഫില എന്നിവയാണ് ഇന്ന് ഭേദപ്പെട്ട നേട്ടം കൈവരിച്ച മറ്റ് കേരള ഓഹരികള്‍.
സഫ സിസ്റ്റംസ് 9.96 ശതമാനം നഷ്ടത്തിലാണുള്ളത്. പ്രൈമ ഇന്‍ഡസ്ട്രീസ്, ആസ്റ്റര്‍, ധനലക്ഷ്മി ബാങ്ക്, സി.എം.ആര്‍.എല്‍., കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ആയുര്‍വേദ, ജിയോജിത് എന്നിവ ഇന്ന് നേരിട്ടത് നഷ്ടമാണ്.