ആഗോള വമ്പന്‍ കമ്പനികളില്‍ അമേരിക്കന്‍ ആധിപത്യം; ഇന്ത്യയില്‍ മുന്നില്‍ ടാറ്റ, രണ്ട് കമ്പനികള്‍ക്ക് റാങ്കിംഗ് വീഴ്ച

ലോകത്തെ അതിശക്തമായ ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍ നിന്ന് 3 കമ്പനികള്‍

Update: 2024-04-30 09:52 GMT

Image : Canva, SBI, Tata and LIC

ലോകത്തെ ഏറ്റവും മൂല്യമേറിയ (Most valuable brands-2024) കമ്പനിയെന്ന നേട്ടം തിരികെപ്പിടിച്ച് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 51,658 കോടി ഡോളര്‍ മൂല്യവുമായാണ് ആപ്പിള്‍ ഒന്നാംസ്ഥാനത്തേക്ക് കയറിയത്. കഴിഞ്ഞവര്‍ഷം ആപ്പിള്‍ രണ്ടാംസ്ഥാനത്തായിരുന്നു.
34,044 കോടി ഡോളര്‍ മൂല്യവുമായി മൈക്രോസോഫ്റ്റാണ് രണ്ടാമത്. 2023ല്‍ മൈക്രോസോഫ്റ്റ് നാലാംസ്ഥാനത്തായിരുന്നു. മൂന്നാംസ്ഥാനം നിലനിറുത്തിയ ഗൂഗിളിന്റെ മൂല്യം 33,340 കോടി ഡോളര്‍. 30,890 കോടി ഡോളര്‍ മൂല്യമുള്ള ആമസോണ്‍ നാലാംസ്ഥാനത്തുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഒന്നാംസ്ഥാനത്തുനിന്നാണ് ആമസോണിന്റെ പടിയിറക്കം.
ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ആദ്യ 4 സ്ഥാനങ്ങളും അമേരിക്ക സ്വന്തമാക്കിയപ്പോള്‍ അഞ്ചാംസ്ഥാനം ദക്ഷിണ കൊറിയയുടെ സാംസംഗ് നേടി. അമേരിക്കയുടെ വോള്‍മാര്‍ട്ടിനെ 6-ാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇക്കുറി സാംസംഗിന്റെ നേട്ടം. ടിക് ടോക്, ഫേസ്ബുക്ക്, ജര്‍മ്മനിയുടെ ഡോയിച് ടെലികോം, ചൈനീസ് ബാങ്കായ ഐ.സി.ബി.സി എന്നിവയാണ് യഥാക്രമം 7 മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയുടെ വമ്പന്‍ ടാറ്റ
ലോകത്തെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളില്‍ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത് 14 കമ്പനികളാണ്. ഇതില്‍ വിപ്രോ ആദ്യമായി പട്ടികയില്‍ ഇടംനേടിയെന്ന പ്രത്യേകതയുമുണ്ട്. 69ല്‍ 64ലേക്ക് റാങ്ക് മെച്ചപ്പെടുത്തിയ ടാറ്റാ ഗ്രൂപ്പാണ് ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാമത്. 145-ാം റാങ്കുമായി ഇന്‍ഫോസിസ് രണ്ടാമതുണ്ട്.
212ല്‍ നിന്ന് 222ലേക്ക് റാങ്ക് താഴ്ന്ന എല്‍.ഐ.സിയാണ് ഇന്ത്യന്‍ കമ്പനികളില്‍ മൂന്നാമത്. എച്ച്.ഡി.എഫ്.സി (228), റിലയന്‍സ് ഗ്രൂപ്പ് (261), എയര്‍ടെല്‍ (292), എച്ച്.സി.എല്‍ ടെക് (300), എസ്.ബി.ഐ (330), മഹീന്ദ്ര ഗ്രൂപ്പ് (345), വിപ്രോ (348), ജിയോ (368), എല്‍ ആന്‍ഡ് ടി (456), ഇന്ത്യന്‍ ഓയില്‍ (474), ബജാജ് ഗ്രൂപ്പ് (493) എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍.
ഇതില്‍ എല്‍.ഐ.സിയെ കൂടാതെ റാങ്കിംഗ് നഷ്ടം നേരിട്ടത് എസ്.ബി.ഐയാണ്. 2023ലെ 312-ാം റാങ്കില്‍ നിന്നാണ് ഇക്കുറി എസ്.ബി.ഐ 330ലേക്ക് പോയത്.
ഇന്ത്യക്കാരില്‍ 'ശക്തന്‍' ജിയോ
ലോകത്തെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് (Most strongest brand) വിചാറ്റ് ആണെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് വ്യക്തമാക്കുന്നു. യൂട്യൂബാണ് രണ്ടാമത്. മൂന്നാമത് ഗൂഗിള്‍. മൂന്ന് ഇന്ത്യന്‍ കമ്പനികളാണ് ഈ വിഭാഗത്തില്‍ ഇടംനേടിയത്. ഇതില്‍ 17-ാംസ്ഥാനത്തുള്ള ജിയോയാണ് മുന്നില്‍. എല്‍.ഐ.സി (23), എസ്.ബി.ഐ (24) എന്നിവയാണ് മറ്റ് രണ്ട് കമ്പനികള്‍.
Tags:    

Similar News