മാധ്യമ വ്യവസായത്തില്‍ നിന്നു പിന്മാറാന്‍ ‍ മുകേഷ് അംബാനി

Update: 2019-11-29 07:39 GMT

കൈവച്ച മിക്ക രംഗങ്ങളിലും വന്‍ നേട്ടങ്ങള്‍ കൊയ്ത മുകേഷ് അംബാനിക്ക് മാധ്യമ വ്യവസായത്തില്‍ മോശം രാശി. മീഡിയ ബിസിനസ് രംഗത്തെ തന്റെ സ്വത്തുക്കള്‍ പൂര്‍ണ്ണമായി കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിലാണദ്ദേഹമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്ക് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വില്‍ക്കുന്നത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ പബ്ലിഷര്‍മാരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുമായി ചര്‍ച്ച നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇതിലെ വാര്‍ത്താ ചാനലിന്റെ ഓഹരികള്‍ ഭാഗികമായോ പൂര്‍ണമായോ വില്‍ക്കുന്നതിനുള്ള സാധ്യതകളാണ് ചര്‍ച്ചാവിഷയം.

പുതിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നെറ്റ് വര്‍ക്ക് 18 ന്റെ ഓഹരികള്‍ മുംബൈയില്‍ 10% വരെ ഉയര്‍ന്നു, ആറുമാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്.മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ നെറ്റ്വര്‍ക്ക് 18 രേഖപ്പെടുത്തിയ നഷ്ടം 1.78 ബില്യണ്‍ രൂപ (25 മില്യണ്‍ ഡോളര്‍) ആയിരുന്നു. അറ്റ ബാധ്യത 28 ബില്യണ്‍ രൂപയും. 

ചലച്ചിത്ര, സംഗീത, കോമഡി ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന നെറ്റ്വര്‍ക്ക് 18 ന്റെ വിനോദ വിഭാഗത്തിലെ ഓഹരികള്‍ സോണി കോര്‍പ്പറേഷന് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിക്ക് വാര്‍ത്താ വിഭാഗം കൈമാറാനുള്ള നീക്കം. ജാപ്പനീസ് മാധ്യമ കമ്പനി മൂല്യനിരൂപണം നടത്തിവരികയാണെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2014ലിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 56 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 സ്വന്തമാക്കിയത്. മണികണ്‍ട്രോള്‍, ന്യൂസ് 18, സിഎന്‍ബിസിടിവി 18 ഡോട്ട്കോം, ക്രിക്കറ്റ് നെക്സ്റ്റ്, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News