മുകേഷ് അംബാനിയുടെ മകള്‍ ഇഷയ്ക്ക് റിലയന്‍സില്‍ ഇനി പുതിയ റോള്‍
നിലവില്‍ റിലയന്‍സ് റീറ്റെയിലിനെ നയിക്കുകയാണ് ഇഷ അംബാനി
റിലയന്‍സ് ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയെ നിയമിച്ചു. നിലവില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് റീറ്റെയിലിനെ നയിക്കുകയാണ് ഇഷ അംബാനി.
ഇഷ അംബാനിയും റിലയന്‍സ് റീറ്റെയിലും
മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇഷ അംബാനി പിന്നീട് അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ എടുത്തു. പഠനം പൂര്‍ത്തിയാക്കിയ ഇഷ അംബാനി റിലയന്‍സ് ബിസിനസുകളുടെ ഭാഗമായി.
2020ല്‍ റിലയന്‍സ് റീറ്റെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ബോര്‍ഡ് അംഗമായി ഇഷ അംബാനി. 2020-ല്‍ ഏകദേശം 4.6 ലക്ഷം കോടി രൂപ (5,700 കോടി ഡോളര്‍) മൂല്യമുണ്ടായിരുന്ന റിലയന്‍സ് റീറ്റെയിലിന്റെ മൂല്യം ഇപ്പോള്‍ 7.5 ലക്ഷം കോടി രൂപയാണ് (9,200 കോടി ഡോളര്‍).
2016ല്‍ ഇഷയുടെ നിര്‍ദേശ പ്രകാരം റിലയന്‍സ് റീറ്റെയില്‍ ഇ-കൊമേഴ്‌സ് ഫാഷന്‍ പ്ലാറ്റ്‌ഫോമായ അജിയോ (AJIO) ആരംഭിച്ചു. ഇത് ഇഷ അംബാനിയുടെ കരിയറിലെ ഒരു മികച്ച ചുവടുവയ്പായിരുന്നു. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ മൂത്തമകന്‍ ആകാശ് അംബാനി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി ചുമതലയേറ്റിരുന്നു. ഇളയ മകന്‍ അനന്ത് അംബാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ മേഖലയും ഏറ്റെടുത്തിരുന്നു.
മറ്റ് ഡയറക്ടര്‍മാര്‍
റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെ (RSIL) പുനര്‍നാമകരണം ചെയ്തതാണ് ജിയോ ഫിനാന്‍ഷ്യല്‍ (JFSL). മുമ്പ് ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി (സി.എ.ജി) സേവനമനുഷ്ഠിച്ച രാജീവ് മെഹ്റിഷിയെ അഞ്ച് വര്‍ഷത്തേക്ക് ആര്‍.എസ്.ഐ.എല്ലിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. കൂടാതെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്ത, ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ബിമല്‍ മനു തന്ന എന്നിവരെയും സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.