പ്രണയം ഈ മൂന്ന് കാര്യങ്ങളോട്; അറിയാം ആകാശ് അംബാനിയെ
റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ആകാശിനായി ഒരു ക്യാബിന്‍ ഇല്ല. ഓപ്പണ്‍ സ്‌പേസില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്
1983ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍ ഉപയോഗിച്ച ബാറ്റ് ഇന്ന് ആകാശ് അംബാനിയുടെ (Akash Ambani) സ്വന്തമാണ്. തിരക്കിട്ട ബിസിനസ് ജീവിതത്തിലും ആകാശിന് പ്രണയം ഈ മൂന്ന് കാര്യങ്ങളോടാണ്. ക്രിക്കറ്റ്, ഫുട്‌ബോള്‍, സഹപാഠിയും കാമുകിയും പിന്നെ ജീവിത സഖിയുമായി മാറിയ ശ്ലോക മേത്ത.
ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ സഹ ഉടമയാണ് ആകാശ്. അഴ്‌സെനല്‍ ആണ് ഇഷ്ട് ഫുട്‌ബോള്‍ ക്ലബ്ബ്. മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് 2014ല്‍ അന്ന് റിലയന്‍സിന്റെ പുതിയ സംരംഭം ആയിരുന്ന ജിയോയിലേക്ക് എത്തുന്നത്.
ജിയോയുടെയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെയും ഡയറക്ടര്‍ ആയിട്ടായിരുന്നു തുടക്കം. 2019ല്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ മുഴുവന്‍ സമയ ഡയറക്ടറായി. ഇന്നലെ അതായത് ജൂണ്‍ 28ന് ആയിരുന്നു മുകേഷ് അംബാനിയുടെ പകരക്കാരനായി ജിയോയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അകാശ് എത്തുന്നു എന്ന പ്രഖ്യാപനം ഉണ്ടായത്.
നവി മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റീവ് പാര്‍ക്കിന്റെ ഏഴാം നിലയിലാണ് ആകാശിന്റെ ഓഫീസ്. സ്വന്തമായി ഒരു ക്യാബിന്‍ ആകാശിനില്ല. ജിയോയിലെ ജീവനക്കാര്‍ നല്‍കുന്ന വിവരം അനുസരിച്ച് സെയില്‍സ്, മാര്‍ക്കറ്റിംഗ്, റെവന്യു മേഖലകളിലാണ് ആകാശ് ശ്രദ്ധ നല്‍കുന്നത്. ജിയോയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ഗൂഗിള്‍ ജിയോ നെക്‌സ്റ്റ് ഫോണിനെ മുന്നോട്ട് നയിക്കുന്നതും ആകാശ് ആണ്. പെരുമാറ്റത്തിലെ സാമ്യതകൊണ്ടും മറ്റും നേരത്തെ തന്നെ മുകേഷ് അംബാനിയുടെ പിന്ഗാമിയായി ആകാശ് വിലയിരുത്തപ്പെട്ടിരുന്നു.
ജിയോയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് ആകാശ് നേതൃത്വം ഏറ്റെടുക്കുന്നത്. 5ജി സേവനം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അടുത്ത വര്‍ഷം മുതല്‍ ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവും വിയാകോം സഹകരണം വഴി ജിയോ പ്ലാറ്റ്‌ഫോമില്‍ എത്തിയേക്കും.
ഗൂഗിള്‍-ഫേസ്ബുക്ക് തുടങ്ങിയവരുമായുള്ള സഹകരണം അടുത്ത തലത്തിലേക്ക് ഉയര്‍ത്തേണ്ടതുമുണ്ട്. കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സൂപ്പര്‍ ആപ്പ് സ്വപ്‌നങ്ങള്‍ക്ക് ആക്കം പകരുന്ന പ്രധാന കണ്ണികൂടിയാണ് ജിയോ പ്ലാറ്റ്‌ഫോമുകള്‍. ഓഹരി വിപണിയില്‍ ജിയോ ലിസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നിനും ആകാശ് നേതൃത്വം നല്‍കും.