ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന റിലയന്‍സ് റീറ്റെയ്ല്‍ വീണ്ടും ധനസമാഹരണത്തിന്; ഇത്തവണ ₹20,000 കോടി

₹8,278 കോടി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു

Update: 2023-09-02 08:22 GMT

Image courtesy: isha ambani Instagram/ reliance retail

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് (ആര്‍.ആര്‍.വി.എല്‍) സെപ്റ്റംബര്‍ അവസാനത്തോടെ 2.5 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 20,680 കോടി രൂപ) സമാഹരിക്കുന്നതിനായി ആഗോള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

ഈ തുക കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മൊത്തം തുകയായ 3.5 ബില്ല്യണ്‍ ഡോളറിന്റെ (29,000 കോടി രൂപ) ഒരു ഭാഗമാണ്. 1 ബില്ല്യണ്‍ ഡോളര്‍ (8,278 കോടി രൂപ) ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) തയ്യാറെടുക്കുന്നതിനിടെയാണ് വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നത്.

വിപണി മൂല്യം ഏതാണ്ട് ഇരട്ടിയായി

കെ.കെ.ആര്‍, സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ജനറല്‍ അറ്റ്ലാന്റിക്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മുബദാല എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് 10.09% ഓഹരി വിറ്റ് 2020ല്‍ റിലയന്‍സ് റീറ്റെയ്ല്‍ 5.71 ബില്യണ്‍ ഡോളര്‍ (571 കോടി ഡോളര്‍) സമാഹരിച്ചിരുന്നു. 2020ല്‍ കൊവിഡ് നാശം വിതച്ചെങ്കിലും അവിടെ നിന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ന് റിലയന്‍സ് റീറ്റെയ്‌ലിന്റെ വിപണി മൂല്യം ഏതാണ്ട് ഇരട്ടിയായെന്ന് അടുത്തിടെ നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു. 8.3 ലക്ഷം കോടി രൂപയാണ് നിലവിലെ റിലയന്‍സ് റീറ്റെയ്‌ലിന്റെ വിപണി മൂല്യം.

നയിക്കാന്‍ ഇഷ അംബാനി

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീറ്റെയ്‌ലിന് നേതൃത്വം നല്‍കുന്നത്. കമ്പനിക്ക് 18,000ല്‍ അധികം റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളിലായി കമ്പനിക്ക് കീഴില്‍ നിരവധി ഉപ-ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.6 ലക്ഷം കോടി രൂപയായിരുന്നു റിലയന്‍സ് റീറ്റെയ്‌ലിന്റെ വരുമാനം. 9,181 കോടി രൂപയുടെ സംയോജിത അറ്റാദായവും കമ്പനി രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News