ദശാബ്ദത്തെ കാത്തിരിപ്പ് അവസാനിച്ചേക്കും; ആഭ്യന്തര റബര്‍വില വീണ്ടും 200 രൂപയിലേക്ക്
രാജ്യാന്തരവില ഇപ്പോഴും കേരളത്തിലെ വിലയേക്കാള്‍ 30 രൂപയിലധികം കൂടുതൽ
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസം പകര്‍ന്ന് കേരളത്തിലെ റബര്‍വില കിലോയ്ക്ക് 200 രൂപയോട് അടുക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 130-140 രൂപ നിലവാരത്തിലായിരുന്ന സ്വാഭാവിക റബര്‍വില (RSS-4) ഇപ്പോള്‍ റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം 186 രൂപയാണ് (കോട്ടയം). ഈ വര്‍ഷാദ്യം 160 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 185 രൂപ ഭേദിച്ചത്.
നിലവിലെ ട്രെന്‍ഡ് തുടരുമെന്നും റബര്‍വില വൈകാതെ 200 രൂപ കടക്കുമെന്നുമാണ് വിലയിരുത്തലുകള്‍. ഇതിന് മുമ്പ് കേരളത്തില്‍ റബര്‍വില കിലോയ്ക്ക് 200 രൂപ തൊട്ടത് 2011-12ലാണ്. തുടര്‍ന്ന് വില കുത്തനെ ഇടിയുകയായിരുന്നു. ഒരുവേള 100 രൂപയുടെ അടുത്തോളവുമെത്തി. തുടര്‍ന്ന്, ദശാബ്ദത്തിനപ്പുറം നീണ്ട കാത്തിരിപ്പിന് വിരാമംകുറിക്കുമെന്നോണമാണ് വില വീണ്ടുമിപ്പോള്‍ 200 രൂപയിലേക്ക് അടുക്കുന്നത്.
രാജ്യാന്തര വിപണിയില്‍ വിലക്കുതിപ്പ്
നേരത്തേ 2021ന്റെ അവസാനം ആഭ്യന്തരവില 191 രൂപയിലെത്തിയിരുന്നു. അന്ന് രാജ്യാന്തരവില ആഭ്യന്തരവിലയേക്കാള്‍ 40 രൂപയോളം കുറവായിരുന്നു. ഇപ്പോള്‍ ആര്‍.എസ്.എസ്-4 കിലോയ്ക്ക് രാജ്യാന്തരവില 220 രൂപയാണ്. അതായത്, ആഭ്യന്തരവിലയേക്കാള്‍ 34 രൂപ അധികം.
റബറിന്റെ പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം ഇടിഞ്ഞതാണ് വിദേശ വിപണികളില്‍ വിലക്കുതിപ്പ് സൃഷ്ടിച്ചത്. ഫംഗല്‍ രോഗബാധമൂലം ഉത്പാദനം കുറഞ്ഞതും വിലയെ മേലോട്ട് നയിച്ചു.
അതേസമയം, ടയര്‍ നിര്‍മ്മാണക്കമ്പനികളില്‍ നിന്ന് മികച്ച ഡിമാന്‍ഡുമുണ്ട്. സ്വാഭാവിക റബറിന്റെ (Natural Rubber/NR) ഉപയോക്താക്കളില്‍ 70 ശതമാനവും ടയര്‍ നിര്‍മ്മാതാക്കളാണ്.
നേട്ടം കിട്ടാതെ കര്‍ഷകര്‍
രാജ്യാന്തരവിപണിയിലെ ഉയര്‍ന്നവിലയുടെ നേട്ടം സ്വന്തമാക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കാരണം, കേരളത്തില്‍ നിന്ന് കയറ്റുമതി വിരളമാണ്. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ കിലോയ്ക്ക് 5 രൂപവീതം ഇന്‍സെന്റീവ് നല്‍കാന്‍ കഴിഞ്ഞദിവസം റബര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. റബര്‍ ഷീറ്റ് കയറ്റുമതിക്കാണ് ആനുകൂല്യം.
റബര്‍വില കിലോയ്ക്ക് 182 രൂപയിലെത്തിയപ്പോള്‍, കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി പദ്ധതിയിലെ താങ്ങുവില കിലോയ്ക്ക് 180 രൂപയായി നിശ്ചയിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.
ഉത്പാദനത്തില്‍ നേരിയ വര്‍ധന
ഈ വര്‍ഷം ജനുവരി വരെയുള്ള റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ സ്വാഭാവിക റബര്‍ ഉത്പാദനം (നടപ്പുവര്‍ഷം ഏപ്രില്‍-ജനുവരി) 1.9 ശതമാനം വര്‍ദ്ധിച്ച് 7.39 ലക്ഷം ടണ്ണായിട്ടുണ്ട്. ഉപഭോഗം ഇക്കാലയളവില്‍ 5.4 ശതമാനം ഉയര്‍ന്ന് 11.79 ലക്ഷം ടണ്ണുമായി. ഇക്കാലയളവില്‍ ഇറക്കുമതി 10 ശതമാനം താഴ്ന്ന് 4.15 ലക്ഷം ടണ്ണിലുമെത്തി.