ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചട്ടങ്ങൾ: മാറ്റങ്ങൾ ഇന്നു മുതൽ

Update: 2019-01-01 09:40 GMT

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുതിയ ചട്ടങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. ഏകദേശം 27 ഓളം വിജ്ഞാപങ്ങളാണ് 2018-ൽ പുറത്തിറക്കിയത്.

പയർവർഗ്ഗങ്ങൾ, ഓർഗാനിക് ഭക്ഷ്യ വസ്തുക്കൾ, തേൻ എന്നിവയുൾപ്പെടെയുള്ള ഉല്പന്നങ്ങൾക്ക് ഇത് ബാധകമായിരിക്കും. പഴം-പച്ചക്കറികൾക്കുള്ള മൈക്രോ ബയോളോജിക്കൽ മാനദണ്‌ഡങ്ങളും ഇന്ന് നിലവിൽ വരും.

മത്സ്യം, മാംസം, പാല്‍, മുട്ട എന്നീ മൃഗജന്യ ഭക്ഷണങ്ങളില്‍ അവശേഷിക്കാവുന്ന ആന്റിബയോട്ടിക്കുകളുടെയും, മറ്റു മരുന്നുകളുടെയും അനുവദനീയമായ ഉയര്‍ന്ന അളവ് നിജപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം ജനുവരി ഒന്നു മുതല്‍ പൂര്‍ണ്ണ നിയമ പ്രാബല്യത്തോടെ നടപ്പാകും.

തേനിൽ മായം ചേർക്കുന്നത് തടയാൻ 18 മാനദണ്ഡങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. സൂക്രോസിന്റെ അളവ്, ഗ്ലൂക്കോസ് റേഷ്യോ തുടങ്ങി നിരവധി വ്യവസ്ഥകൾ ഇതിലുണ്ട്. സാധാരണയിനം തേനിൽ സൂക്രോസിന്റെ അളവിന് അഞ്ച് ശതമാനം പരിധിയാണ് എഫ്എസ്എസ്എഐ നിഷ്കർഷിച്ചിരിക്കുന്നത്. ഈർപ്പത്തിന്റെ അളവ് 20 ശതമാനവും പരാഗരേണുക്കളുടെ കൗണ്ട് ഗ്രാമിൽ 25,000 എന്ന നിലയിലുമായിരിക്കണം എന്നതാണ് ചട്ടങ്ങളിൽ ചിലത്.

മറ്റ് ചില ചട്ടങ്ങൾ ഏപ്രിൽ, ജൂലൈ മാസങ്ങളിൽ നിലവിൽ വരുന്നവയാണ്.

ആൽക്കഹോളിക് ബീവറേജ്‌സുകളെ സംബന്ധിക്കുന്ന ചട്ടങ്ങൾ 2019 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഫോർട്ടിഫൈഡ് ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച നിയമങ്ങൾ 2019 ജൂലൈ ഒന്നുമുതൽ നടപ്പിൽ വരും. പരസ്യം, വ്യാജ അവകാശവാദങ്ങൾ, ലേബലിംഗ്, പാക്കേജിങ് സംബന്ധിച്ച നയങ്ങൾ എന്നിവ 2019 ജൂലൈ ഒന്നുമുതൽ നിലവിൽ വരും.

Similar News