റബ്ബര്‍ ഉത്പാദനത്തിൻ്റെ കേന്ദ്രമായി നോര്‍ത്ത്-ഈസ്റ്റ് മാറുമെന്ന് പീയുഷ് ഗോയല്‍

2 ലക്ഷം ഹെക്ടറില്‍ റബ്ബര്‍ തോട്ടങ്ങളാണ് മേഖലയില്‍ സ്ഥാപിക്കുക

Update: 2021-12-10 09:45 GMT

രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തിൻ്റെ കേന്ദ്രമായി നോര്‍ത്ത്-ഈസ്റ്റ് (വടക്കു- കിഴക്കന്‍) സംസ്ഥാനങ്ങള്‍ മാറുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മേഖലയില്‍ 2 ലക്ഷം ഹെക്ടറില്‍ റബ്ബര്‍ തോട്ടങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത 5 വര്‍ഷം കൊണ്ടാണ് തോട്ടങ്ങള്‍ വികസിപ്പിക്കുന്നത്.

ഡെസ്റ്റിനേഷന്‍ ത്രിപുര എന്ന നിക്ഷേപക ഉച്ചക്കോടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഏറ്റവും അധികം റബ്ബര്‍ ഉത്പാദിപ്പിക്കുന്ന 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുര, അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍ എന്നവയുണ്ട്. റബ്ബര്‍ ഉത്പാദനത്തില്‍ കേരളത്തിന് പിന്നില്‍ രണ്ടാമതാണ് ത്രിപുര.
ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് കീഴില്‍ നാല് പ്രധാന ടയര്‍ കമ്പനികള്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്.
7 സംസ്ഥാനങ്ങളിലായി 1000 കോടി രൂപയാണ് ഈ കമ്പനികള്‍ റബ്ബര്‍ തോട്ടങ്ങള്‍ക്കായി നിക്ഷേപിക്കുക. ഇതുസംബന്ധിച്ച ധാരണാ പത്രം റബ്ബര്‍ ബോര്‍ഡും ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനും ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഒപ്പുവെച്ചിരുന്നു.
ഇതില്‍ 12 കോടി രൂപ ഇതിനകം തന്നെ കമ്പനികള്‍ റബ്ബര്‍ ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. റബ്ബര്‍ തൈകളും നടീല്‍ വസ്തുക്കളും വാങ്ങാനാണ് ഈ തുക വിനിയോഗിക്കുക.



Tags:    

Similar News