ജാവ സിംപിളൊക്കെ തന്നെ! പക്ഷേ, എ.ഐയുടെ ഇക്കാലത്ത് പ്രോഗ്രാമിംഗ് ഭാഷയൊക്കെ ഇനിയും പഠിക്കണോ?
കോഡിംഗ് അല്ലെങ്കില്‍ പ്രോഗ്രാമിംഗ് മേഖലയില്‍ കരിയര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ അമേരിക്കന്‍ ചിപ്പ് നിര്‍മാതാക്കളായ എന്‍വീഡിയയുടെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് പറയുന്നത് ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും;
നിര്‍മിതബുദ്ധിയുടെ വരവ് എല്ലാ രംഗത്തും വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുകയാണ്. പാട്ടും കഥയും എഴുതാനും തുടങ്ങി എത്ര കീറാമുട്ടിയായ കാര്യങ്ങളും എളുപ്പത്തില്‍ വിശദീകരിച്ചു തരാനും തീസിസ് തയ്യാറാക്കാനും വരെ നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടുകള്‍ മാത്രം മതിയെന്നായി.
വിവിധ രംഗങ്ങളിലെ നിരവധി തൊഴിലവസരങ്ങളാണ് ഇതോടെ ഇല്ലാതാകുക. ടെക് ലോകത്തെ വമ്പന്‍മാരായ ബില്‍ ഗേറ്റ്‌സ്, സത്യ നദെല്ല, സുന്ദര്‍ പിച്ചൈ, സാം ആള്‍ട്ട്മാന്‍ തുടങ്ങിയവരെല്ലാം തന്നെ എ.ഐയുടെ വരവ് തൊഴിലവസരങ്ങളെ ബാധിക്കുന്നതിനെ കുറിച്ച് വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വീഡിയയുടെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങിന്റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ വീണ്ടും തൊഴില്‍നഷ്ട ഭീതി അഴിച്ചു വിട്ടിരിക്കുന്നത്. കോഡിംഗ് മേഖലയില്‍ കരിയര്‍ കെട്ടിപ്പെടുക്കാനാഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ക്ക് മേലാണ് ഇത്തവണ കരിനിഴല്‍ വീണിരിക്കുന്നത്. ജാവയും സി പ്ലസ് പ്ലസും പോലുള്ള പ്രോഗ്രാമിംഗ് ജോലികള്‍ ചെയ്യാന്‍ എ.ഐക്ക് ഏറെ സിംപിളാണെന്നും ഇനി അത് മനുഷ്യര്‍ പഠിക്കേണ്ടതില്ലെന്നുമാണ് ജെന്‍സന്‍ പറയുന്നത്.
മനുഷ്യഭാഷ മനസിലാക്കുന്ന കംപ്യൂട്ടറുകള്‍
''ഒരു ദശാബ്ദം മുമ്പ് വരെ എല്ലാവരും കോഡിംഗ് പഠിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ സാഹചര്യം പാടെ മാറി. വന്നതോടെ എല്ലാവരും പ്രോഗ്രാമര്‍മാരാകുകയാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇനി കോഡിംഗ് പഠിക്കേണ്ടതില്ല. നമ്മുടെ ഭാഷയാണ് ഇനി പ്രോഗ്രാമിംഗ് ലാഗ്വേജ് എന്നു പറയുന്നത്. അതായത് സി പ്ലസ്പ്ലസും ജാവയും ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളൊന്നും ഇനി വേണ്ടി വരില്ല.'' എ.ഐ
കംപ്യൂട്ടര്‍ സയന്‍സ് അഥവാ പ്രോഗ്രാമിംഗ് പഠിക്കേണ്ടി വന്നത് കംപ്യൂട്ടറുകള്‍ക്ക് മനുഷ്യര്‍ പറയുന്നത് മനസിലാക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ്. മനുഷ്യരുടെ ആ കഴിവുകേട് ഇപ്പോള്‍ എ.ഐ ഉപയോഗിച്ച് പരിഹരിക്കുകയാണ്. ഭാവിയില്‍ മനുഷ്യഭാഷകള്‍ തന്നെ പ്രോഗ്രാമിംഗ് ലാംഗ്വേജ് ആയി മാറുമെന്നും ഇതിന് വലിയ കാലമെടുക്കില്ലെന്നുമാണ് ജെന്‍സന്‍ പറയുന്നത്.
പുതുതായി ഈ കരിയര്‍ മേഖലകളിലേക്ക് വരാനൊരുങ്ങുന്നവര്‍ക്കൊരു മുന്നറിയിപ്പായി ജെന്‍സന്റെ വാക്കുകളെ കാണാം. കാരണം ഇത്തരം കോഴ്‌സുകള്‍ പഠിച്ച് കാലാകാലങ്ങളില്‍ അതുവഴി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാധ്യത കുറയുകയാണ്.
എ.ഐ ചാറ്റ്‌ബോട്ടുകളുടെ കാലം
ആപ്പിളും മൈക്രോസോഫ്റ്റും കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് എന്‍വീഡിയ. അവരാണ് ഇന്ന് ലോകത്തിന് മൊത്തം വേണ്ട എ.ഐ ചിപ്പുകളും മറ്റും നല്‍കുന്നത്. ചാറ്റ് ജി.പി.റ്റി ഉള്‍പ്പെടെയുള്ള ചാറ്റ് ബോട്ടുകളുടെ വികസനത്തിനായി ആയിരക്കണക്കിന് എന്‍വീഡിയ ജി.പി.യുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
2022 നവംബറിലാണ് ഓപ്പണ്‍ എ.ഐ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.റ്റി അവതരിപ്പിച്ചത്. ടെക് മേഖലയില്‍ വിപ്ലവകരമായ പ്രവേശനമായിരുന്നു ചാറ്റ് ജി.പി.റ്റിയുടേത്. തൊട്ടു പിന്നാലെ ഗൂഗ്ള്‍ ബാര്‍ഡ് എന്ന പ്ലാറ്റ്‌ഫോം (ഇപ്പോള്‍ ജെമിനി) അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ബിംഗ് എന്ന ചാറ്റ് ബോട്ടും. നിലിവില്‍ ഇന്ത്യന്‍ കമ്പനികളും എ.ഐ അധിഷ്ഠിത ചാറ്റ് ബോട്ടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ പ്രോംപ്റ്റ്കള്‍ നല്‍കി ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സ്‌കില്‍ വളര്‍ത്തിയെടുക്കുകയാണ് ഇനി വേണ്ടത്.