കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയിലും ഗ്യാസും? പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി വരുന്നു
ഓയില്‍ ഇന്ത്യയുമായി 1,287 കോടിയുടെ കരാര്‍
കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍, വാതക സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി വരുന്നു. കൊല്ലത്തും കൊച്ചിയിലും ഉള്‍പ്പെടെ 19 ബ്ലോക്കുകളില്‍ ക്രൂഡോയില്‍, വാതക സാന്നിദ്ധ്യമുണ്ടെന്ന് നേരത്തേ സംശയിച്ചിരുന്നു.
ഇവിടങ്ങളില്‍ മുമ്പും പര്യവേക്ഷണം നടത്തിയിരുന്നെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല. കൊല്ലം മേഖലയില്‍ പര്യവേക്ഷണത്തിനുള്ള ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളത് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ഇന്ത്യക്കാണ്. കൊല്ലത്തെ ആഴക്കടലില്‍ കൂടുതല്‍ പര്യവേക്ഷണത്തിനായി ബ്രിട്ടീഷ് കമ്പനിയായ ഡോള്‍ഫിന്‍ ഡ്രില്ലിംഗുമായി ഓയില്‍ ഇന്ത്യ 1,287 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മദ്ധ്യത്തോടെ പര്യവേക്ഷണം ആരംഭിച്ചേക്കും.
എന്താണ് കാത്തിരിക്കുന്ന നേട്ടം?
നിലവില്‍ ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 10-15 ശതമാനം ക്രൂഡോയില്‍ മാത്രമേ ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുള്ളൂ.
വിദേശനാണ്യ വരുമാനത്തിന്റെ മുഖ്യപങ്കും ക്രൂഡോയിലിന് വേണ്ടി ചെലവിടേണ്ട സ്ഥിതിയാണ് ഇന്ത്യക്കുള്ളത്. ആഭ്യന്തരമായി കൂടുതല്‍ എണ്ണശേഖരം കണ്ടെത്തിയാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാം. അതുവഴി മികച്ച സാമ്പത്തികലാഭവും ഇന്ത്യക്ക് നേടാനാകും.
കേരള-കൊങ്കണ്‍ മേഖല, ആന്ധ്രയുടെ തീരപ്രദേശം എന്നിവിടങ്ങളിലാണ് ക്രൂഡോയില്‍, വാതകശേഖരമുണ്ടെന്ന് സംശയിക്കുന്നത്. നേരത്തേ കൊച്ചിയിലും കൊടുങ്ങല്ലൂര്‍ മേഖലയിലും ക്രൂഡോയില്‍, വാതക ശേഖരമുണ്ടെന്ന സംശയങ്ങളെ തുടര്‍ന്ന് പ്രാരംഭ പര്യവേക്ഷണങ്ങള്‍ നടന്നിരുന്നെങ്കിലും സ്ഥിരീകരിക്കുന്ന തെളിവുകള്‍ കിട്ടാത്തതിനാല്‍ തുടര്‍നടപടികള്‍ നിറുത്തിവച്ചിരുന്നു.
ഏതാനും വര്‍ഷംമുമ്പ് കൊല്ലത്തെ ആഴക്കടലില്‍ ഓയില്‍ ഇന്ത്യ പര്യവേക്ഷണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് ബ്രിട്ടീഷ് കമ്പനിയുമായി ചേര്‍ന്ന് വീണ്ടും പര്യവേക്ഷണനീക്കം.