ഓല വീണ്ടും പലചരക്ക് രംഗത്തേക്ക്; ഇത്തവണ കൂട്ട് സര്‍ക്കാരിന്റെ പ്ലാറ്റ്‌ഫോം

ഒറ്റ ദിവസത്തില്‍ രണ്ട് ലക്ഷം കോടി ഇടപാടുകളെന്ന റെക്കോഡ് ഈ മാസം ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോം നേടിയിരുന്നു

Update:2024-06-28 15:05 IST

ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല പലചരക്ക് വിതരണ രംഗത്തേക്കും കടക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി) വഴി വരും ദിവസങ്ങളില്‍ ഓല ഈ രംഗത്തേക്ക് ചുവടുവെയ്ക്കുമെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്. നിലവില്‍ മാജിക്പിന്‍ കഴിഞ്ഞാല്‍ ഒ.എന്‍.ഡി.സിയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ബയര്‍ സൈഡ് പ്ലാറ്റ്‌ഫോമാണ് ഓല. പ്രതിദിനം 15,000 മുതല്‍ 20,000 വരെ ഫുഡ് ഓര്‍ഡറുകളാണ് ഡല്‍ഹി, ബംഗളൂരൂ പോലുള്ള വിപണികളിലായി ഓല നേടുന്നത്.

മൂന്നാം അങ്കം
ആദ്യമായല്ല ഓല പലചരക്ക് വിതരണ രംഗത്തേക്ക് കടക്കുന്നത്. 2015ല്‍ ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോര്‍ തുറന്നിരുന്നു. ഓലയുടെ ശൃഖലയിലുള്ള കാബുകളെയും ഡ്രൈവര്‍മാരെയും ഉപയോഗിച്ച് രാവിലെ ഒമ്പതു മണി മുതല്‍ 11 മണി വരെ ഭക്ഷണം ഡെലിവറി ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഒമ്പതു മാസമായപ്പോള്‍ തന്നെ വിശദീകരണമൊന്നും കൂടാതെ കമ്പനി സേവനം നിറുത്തലാക്കി.
2021ല്‍ ഓല ഡാഷ് എന്ന പേരില്‍ വീണ്ടും ഗ്രോസറി വിഭാഗത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. മുംബൈയിലും ബംഗളൂരുവിലുമായി 15 ഡാര്‍ക്ക് സ്റ്റോറുകളും (നേരിട്ട് വില്‍പ്പന നടത്താത്ത സ്റ്റോറുകള്‍) ഇതിനായി തുറന്നിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതും അടച്ചു പൂട്ടി. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഓല ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണ വിതരണ രംഗത്തേക്ക് കടന്നത്. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പലചരക്ക് വിതരണത്തിലേക്കും കടക്കുന്നത്.
പുതു റെക്കോഡിട്ട് ഒ.എന്‍.ഡി.സി
സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോം വഴിയുള്ള മൊബിലിറ്റി, റീറ്റെയ്ല്‍ ഇടപാടുകള്‍ ജൂണില്‍ ആദ്യമായി 100 കോടി കടക്കുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ഇരട്ടി വളര്‍ച്ചയാണ് കണക്കാക്കുന്നത്. മേയിലാണ് റീറ്റെയ്ല്‍ ഓര്‍ഡറുകള്‍ ആദ്യമായി 5 കോടി കടന്നത്. തൊട്ടു മുന്‍ മാസത്തിലിത് 3.59 കോടിയായിരുന്നു. ഈ മാസമാണ് ഒറ്റ ദിനത്തില്‍ രണ്ട് ലക്ഷം റീറ്റെയ്ല്‍ ട്രാന്‍സാക്ഷനുകള്‍ എന്ന നാഴികക്കല്ല് ഒ.എന്‍.ഡി.സി പിന്നിട്ടത്.
Tags:    

Similar News