വിപണിയെ വെട്ടിലാക്കി കേരളത്തില്‍ സ്വര്‍ണത്തിന് പലവില; വേറേ വില നിശ്ചയിക്കാനുള്ള ഒരുക്കത്തില്‍ പുതിയ സംഘടനയും

നിലവില്‍ രണ്ട് വ്യത്യസ്ത വിലകളാണ് കേരളത്തില്‍ സ്വര്‍ണത്തിനുള്ളത്

Update:2024-03-17 16:21 IST

Image : Canva

ആഭരണം വാങ്ങാന്‍ ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തി കുതിച്ചുയരുകയാണ് സ്വര്‍ണവില. ഇതിനിടെ വിതരണക്കാരെയും ഉപഭോക്താക്കളെയും വെട്ടിലാക്കിയിരിക്കുകയാണ് സംസ്ഥാനത്ത് വിവിധ സംഘടനങ്ങള്‍ നിശ്ചയിക്കുന്ന വ്യത്യസ്ത വില. ഭീമ ജുവലറി ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് (AKGSMA) കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിച്ചിരുന്നത്. മറ്റ് സംഘടനകളും ജുവലറികളും ഈ വില പിന്തുടരുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍, ജസ്റ്റിന്‍ പാലത്ര നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും നിലവില്‍ കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നുണ്ട്. 'യഥാര്‍ത്ഥ എ.കെ.ജി.എസ്.എം.എ' എന്ന് അവകാശപ്പെടുന്ന, ഈ എ.കെ.ജി.എസ്.എം.എ നിശ്ചയിക്കുന്ന വിലയാകട്ടെ ഡോ. ഗോവിന്ദന്‍ നയിക്കുന്ന എ.കെ.ജി.എസ്.എം.എയുടെ വിലയേക്കാള്‍ കുറവാണ്.
ഡോ. ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന എ.കെ.ജി.എസ്.എം.എയുടെ നിര്‍ണയപ്രകാരം ഇന്ന് കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 6,060 രൂപയും പവന്‍വില 48,480 രൂപയുമാണ്. ജസ്റ്റിന്‍ പാലത്ര നയിക്കുന്ന എ.കെ.ജി.എസ്.എം.എ നിശ്ചയിച്ചിരിക്കുന്ന വില ഗ്രാമിന് 6,025 രൂപയേയുള്ളൂ. പവന് വില 48,200 രൂപ.
വിപണി ഒന്ന്, വില പലത്
ഓഫ് സീസണാണെന്നതും വില ഉയര്‍ന്ന് നില്‍ക്കുകയാണെന്നും നിലവില്‍ സംസ്ഥാനത്ത് സ്വര്‍ണാഭരണ വില്‍പനയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. അത്യാവശ്യക്കാര്‍ മാത്രമാണ് ആഭരണങ്ങള്‍ വാങ്ങാനെത്തുന്നതെന്ന് ജുവലറിക്കാര്‍ പറയുന്നു. ഇതിനിടെ, വിപണിയില്‍ പലവിലയാണെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുമുണ്ട്.
കേരളത്തിലെ സ്വര്‍ണാഭരണ വിതരണരംഗത്തെ ഏറ്റവും വലിയ സംഘടനയെന്ന നിലയില്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന എ.കെ.ജി.എസ്.എം.എയാണ് കാലങ്ങളായി വില നിര്‍ണയിക്കുന്നതെന്ന് സംഘടനയുടെ സംസ്ഥാന ട്രഷററായ എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു. ഏറ്റവും കുറഞ്ഞ ലാഭമാര്‍ജിന്‍ നല്‍കി സുതാര്യവുമാണ് വില നിര്‍ണയം. ഇതാണ് വര്‍ഷങ്ങളായി വിപണി പിന്തുടരുന്നതും. പലവിലയിട്ട് വിപണിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാരികളില്‍ കൂടുതല്‍ പേരും അംഗമായ സംഘടന താന്‍ നയിക്കുന്ന എ.കെ.ജി.എസ്.എം.എയാണെന്ന് ജസ്റ്റിന്‍ പാലത്ര
ധനംഓണ്‍ലൈനിനോട്
പറഞ്ഞു. ലാഭ മാര്‍ജിന്‍ ഏറ്റവും കുറവ് നല്‍കാനാകുന്നത് കൊണ്ടാണ് തന്റെ സംഘടന നിര്‍ണയിക്കുന്ന വില കുറഞ്ഞുനില്‍ക്കുന്നതെന്നും അതാണ് യഥാര്‍ത്ഥ വിലയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും സംസ്ഥാനത്ത് ഇത്തരത്തില്‍ സ്വര്‍ണത്തിന് വ്യത്യസ്ത വില നിശ്ചയിക്കപ്പെട്ടത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്ന് വില നിര്‍ണയം സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഏറ്റെടുക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഏതെങ്കിലും ഒരു കമ്മോഡിറ്റിക്ക് വില നിശ്ചയിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും ഉദാഹരണത്തിന് റബര്‍വില നിശ്ചയിക്കുന്നത് സര്‍ക്കാരല്ല, വിപണിയാണെന്നും ഇരു എ.കെ.ജി.എസ്.എം.എ അധികൃതരും ചൂണ്ടിക്കാട്ടുന്നു.
വേറെ വില നിശ്ചയിക്കാന്‍ മറ്റൊരു സംഘടനയും
അല്‍ മുക്താദിര്‍ ജുവലറി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം നയിക്കുന്ന, പുതുതായി രൂപംകൊണ്ട സംഘടനയായ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മാനുഫാക്ചറിംഗ് മര്‍ച്ചന്റ് അസോസിയേഷനും (ജി.ഡി.ജെ.എം.എം.എ) കേരളത്തില്‍ സ്വതന്ത്രമായി സ്വര്‍ണവില നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി ധനംഓണ്‍ലൈന്‍ ഡോ. മുഹമ്മദ് മന്‍സൂറുമായും ജി.ഡി.ജെ.എം.എം.എയുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
എങ്ങനെയാണ് സ്വര്‍ണവില നിര്‍ണയം?
ബാങ്കുകള്‍ മുഖേനയാണ് ഇന്ത്യയിലേക്ക് പ്രധാനമായും സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. ലണ്ടനിലെ ബുള്ള്യന്‍ വില, ബാങ്കുകള്‍ നിശ്ചയിക്കുന്ന റേറ്റ്, ഓരോ ദിവസത്തെയും രൂപയുടെ മൂല്യം എന്നിവ അടിസ്ഥാനമാക്കിയും ലാഭമാര്‍ജിന്‍ കൂട്ടിച്ചേര്‍ത്തുമാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. അതായത് രാജ്യാന്തര വില, ഇറക്കുമതിച്ചെലവ്, രൂപയുടെ മൂല്യം എന്നിവയിലെ കയറ്റിറക്കങ്ങള്‍ ഓരോ ദിവസത്തെയും സ്വര്‍ണവിലയെയും സ്വാധീനിക്കും.
Tags:    

Similar News