ന്യൂജെന്‍ പിള്ളേരുടെ പ്രിയ വിനോദം; ഇത് ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ കാലം

രാജ്യത്തെ 846 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 433 മില്യണ്‍ പേരും ഗെയിം കളിക്കുന്നവരാണ്

Update:2022-06-02 10:46 IST

ഇന്ന് 18 വയസിന് താഴെയുള്ള കുട്ടികളോട് ഹോബി എന്താണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുക ഏതെങ്കിലും ഗെയിമുകളുടെ പേരാവും. ഗെയിം കളിച്ച്..കളിച്ച്.. ഇംഗ്ലീഷും ഹിന്ദിയും വെള്ളംപോലെ സംസാരിക്കാന്‍ പഠിച്ച മിടുക്കന്മാര്‍വരെ ഉണ്ട്. 2021ല്‍ ഇന്ത്യയില്‍ ഓണ്‍ലൈനില്‍ ഗെയിം കളിച്ചവരുടെ എണ്ണം ആകെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ പകുതിയോളമാണ്.

846 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 433 മില്യണ്‍ പേരും ഗെയിം കളിക്കുന്നവരാണ്. 2023ല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 1 ബില്യണ്‍ കടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് ആനുപാതികമായി ഗെയിമിംഗ് വിപണിയും വളരും. 2025ഓടെ കുറഞ്ഞത് 657 മില്യണ്‍ പേരെങ്കിലും ഓണ്‍ലൈനില്‍ ഗെയിമുകള്‍ കളിക്കുന്നവരായിരിക്കും എന്നാണ് കണക്ക്.

വളരുടെ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍

രാജ്യത്ത് യുണീകോണ്‍ പട്ടികയില്‍ ( 1 ബില്യണ്‍ ഡോളര്‍ മൂല്യം) കയറിയ മൂന്ന് ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഡ്രീം11, എംപിഎല്‍, ഗെയിംസ്24x7 എന്നിവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍. 76ല്‍ അധികം ഓണ്‍ലൈന്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ ഉള്ളത്.

2014 മുതല്‍ 2022 ആദ്യപാദം വരെ ഈ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 2.9 ബില്യണ്‍ ഡോളറോളം ആണ്. 2021ല്‍ മാത്രം 33 ഡീലുകളില്‍ നിന്നായി 1,739 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് ആണ് ഈ കമ്പനികള്‍ നേടിയത്. 2020നെ അപേക്ഷിച്ച് 383 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

ഡിജിറ്റല്‍ ലോകത്തിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറ്റാവേഴ്‌സ് ഗെയിമിംഗ് മേഖലയിലൂടെയാവും വളരുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മെറ്റാവേഴ്‌സ് ടെക്‌നോളജിയിലൂടെ ഗെയിമിംഗ് മേഖലയുടെ ബിസിനസ് മോഡലില്‍ തന്നെ വലിയ മാറ്റങ്ങളാണ് വരാന്‍ പോവുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ മുതല്‍ വിര്‍ച്വല്‍ ലാന്‍ഡുകളില്‍ വരെ ഉള്‍പ്പെടുന്ന മെറ്റാവേഴ്‌സ് ഗെയിമുകള്‍ തുറന്നുവെക്കുന്ന സാധ്യതകള്‍ അനന്തമാണ്.

Tags:    

Similar News