ഈ മഹീന്ദ്ര & മഹീന്ദ്ര കമ്പനിയിലെ 49 ശതമാനം ഓഹരികളും സ്വന്തമാക്കാനൊരുങ്ങി OTPP

കാനഡയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടുകളിലൊന്നാണ് ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍

Update: 2022-06-22 07:34 GMT

മഹീന്ദ്ര & മഹീന്ദ്ര കമ്പനിയിലെ 49 ശതമാനം ഓഹരികളും സ്വന്തമാക്കാനൊരുങ്ങി ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍ (ഒടിപിപി). മഹീന്ദ്രയുടെ പുനരുപയോഗ ഊര്‍ജ യൂണിറ്റായ മഹീന്ദ്ര സസ്റ്റണിലെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാനഡയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടുകളിലൊന്നായ ഒടിപിപി 2,300 കോടി രൂപയ്ക്ക് ഓഹരികള്‍ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. കടം ഉള്‍പ്പെടെ കമ്പനിയുടെ മൂല്യം 4,600 കോടി രൂപയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മഹീന്ദ്ര ഗ്രൂപ്പ് മഹീന്ദ്ര സസ്റ്റണിലെ ഓഹരികള്‍ ഒഴിവാക്കാനുള്ള മൂന്നാമത്തെ ശ്രമമാണിത്. നേരത്തെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി ബ്രൂക്ക്ഫീല്‍ഡുമായി ചര്‍ച്ച നടത്തിയെങ്കിലും വിഫലമായി.
ദേശീയ സോളാര്‍ മിഷന്റെ കീഴില്‍ സോളാര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനാണ് മഹീന്ദ്ര സസ്റ്റണ്‍ സ്ഥാപിച്ചത്. എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി), ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്, റൂഫ്ടോപ്പ് സോളാര്‍ പാനലുകള്‍, ഡാറ്റ മാനേജ്മെന്റ്, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ എന്നിവയിലാണ് മഹീന്ദ്ര സസ്റ്റണ്‍ പ്രവര്‍ത്തിക്കുന്നത്.
1.2 GW ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളുടെ മൊത്തം പോര്‍ട്ട്ഫോളിയോ മഹീന്ദ്ര സസ്റ്റേണിനുണ്ട്. രേവയിലെ 337.50 മെഗാവാട്ട് പാര്‍ക്ക്, ബിക്കാനീറിലെ 175 മെഗാവാട്ട് പദ്ധതി, ഗുജറാത്തിലെ ചരങ്കയില്‍ 84.50 മെഗാവാട്ട് പ്ലാന്റ്, തെലങ്കാനയിലെ 59.8 മെഗാവാട്ട് പ്ലാന്റ് എന്നിവയാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തന ആസ്തികള്‍.



Tags:    

Similar News