'ഓയോ റൂംസ്' പാപ്പരായോ; എന്താണ് സത്യാവസ്ഥ?

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ 'അത്ഭുതബാലന്‍' റിതേഷ് അഗര്‍വാളിന്റെ ഓയോ റൂംസ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചോ?

Update: 2021-04-07 09:26 GMT

ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോ റൂംസ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചോ? ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വാര്‍ത്തയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് ഏറെ പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. 16 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ ഒരു വ്യക്തി സമര്‍പ്പിച്ച പരാതിയിന്മേല്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) ഓയോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, പരാതിക്കിടയാക്കിയ 16 ലക്ഷം രൂപ 'അണ്ടര്‍ പ്രോട്ടസ്റ്റ്' എന്ന വ്യവസ്ഥ വെച്ച് തിരികെ കൊടുത്തുവെന്നും ഓയോ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചുവെന്ന് തെളിയിച്ചുകൊണ്ട് പരക്കുന്ന പിഡിഎഫ്, ടെക്‌സറ്റ് സന്ദേശങ്ങള്‍ വാസ്തവിരുദ്ധവും അസത്യവുമാണെന്ന് ഓയോ റൂംസ് സാരഥി റിതേഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ നടപടികളിലേക്ക് നയിക്കപ്പെട്ട 16 ലക്ഷം രൂപ തങ്ങള്‍ തിരിച്ചുകൊടുത്തുവെന്നാണ് റിതേഷ് അഗര്‍വാളിന്റെ തുടര്‍ന്നുവന്ന ട്വീറ്റിലും വ്യക്തമാക്കുന്നത്. ഇതിന്റെ പേരില്‍ എന്‍സിഎല്‍ടി എടുത്ത നടപടികളില്‍ ഓയോ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കാനില്ലെന്നാണ് ഓയോ വക്താക്കള്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പുതുതലമുറ കമ്പനികളുടെ കാര്യത്തില്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ സമാനമായ നീക്കം നടത്തുന്നത് ഇതാദ്യമല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നേരത്തെ, ഫഌപ്കാര്‍ട്ടിനെതിരെ ഒരു ക്രെഡിറ്റര്‍ നല്‍കിയ കേസിലും എന്‍സിഎല്‍ടി നടപടികള്‍ക്ക് അനുമതി നല്‍കുകയും പിന്നീട് അത് നീക്കുകയും ചെയ്തിട്ടുണ്ട്.

ഓയോയും ഇതുപോലെ എന്‍സിഎല്‍ടിയില്‍ അപ്പീല്‍ നല്‍കി നടപടിക്രമങ്ങള്‍ ഒഴിവാക്കുമെന്ന സൂചനയാണ് റിതേഷ് അഗര്‍വാളിന്റെ ട്വീറ്റ് നല്‍കുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഓയോ പുറത്തുകടന്നുവരികയാണെന്നും പ്രവര്‍ത്തന ലാഭം കൈവരിച്ചുവരികയുമാണെന്നാണ് റിതേഷ് വ്യക്തമാക്കുന്നത്.

കോവിഡ് കാലത്ത് ഓയോ റൂംസ് ജീവനക്കാരെ വെട്ടിക്കുറയ്്ക്കുകയും വേതനം ചുരുക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ഓയോ ഗ്രൂപ്പ് പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണമായും പുറത്തുകടന്നുവെന്നാണ് റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഓയോയുടെ ഉപകമ്പനിയായ ഒഎച്ച്എച്ച്പിഎല്ലിന്റെ ഇന്‍സോള്‍വന്‍സി നടപടികളുടെ ഭാഗമായി ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലിനെ എന്‍സിഎല്‍ടി നിയമിച്ചിട്ടുണ്ട്. ഈ ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലിന്റെ കത്താണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ഓയോ റൂംസ് പാപ്പര്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത പരക്കാന്‍ കാരണമായതും.


Tags:    

Similar News