പണം അക്കൗണ്ടിലെത്തിയാല്‍ ഇനി മമ്മൂട്ടി അറിയിക്കും, ഫോണ്‍പേയുടെ പുതിയ ഫീച്ചര്‍

പ്രതിദിനം 21.5 കോടിയിലധികം ഇടപാടുകളാണ് ഫോണ്‍പേ വഴിനടക്കുന്നത്

Update:2024-02-28 12:40 IST

രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കര്‍ സൗകര്യത്തിനായി നടന്‍ മമ്മൂട്ടിയുമായി കൈകോര്‍ത്തു. പണമിടപാട് നടന്ന വിവരം സ്പീക്കറിലൂടെ അറിയിക്കുന്ന സംവിധാനമാണിത്. ഇനി മുതല്‍ പണമിടപാട് നടത്തിയ വിവരം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കാം. വിവിധ പ്രാദേശിക ഭാഷകളില്‍ വിവിധ സെലിബ്രിറ്റികളുമായി ഫോണ്‍പേ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മഹേഷ് ബാബു, കിച്ചാ സുദീപ്, അമിതാഭ്  ബച്ചന്‍ എന്നിവരുടെ ശബ്ദത്തിലാണ് സന്ദേശമെത്തുക. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിൽ  പുറത്തിറക്കാനുള്ള പദ്ധതിയിലാണ്.

വ്യാപാരികള്‍ക്ക് ഫോണ്‍പേ ഫോര്‍ ബിസിനസ് ആപ്പ് വഴി ഈ സൗകര്യം ലഭ്യമാക്കാം. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സ്മാര്‍ട്ട് സ്പീക്കര്‍ സൗകര്യം 48 ലക്ഷത്തിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ശരാശരി 5.8 കോടി പ്രതിമാസ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ വഴി അറിയിക്കുന്നുണ്ട്.

2016 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഫോണ്‍പേ 7 വര്‍ഷത്തിനുള്ളില്‍ 51.5 കോടി ഉപയോക്താക്കളും 3.8 കോടി വ്യാപാരികളുമുള്ള ശൃംഖലയുമായി മാറി. പ്രതിദിനം 21.5 കോടിയിലധികം ഇടപാടുകളാണ് ഫോണ്‍പേ വഴി നടക്കുന്നത്. ഇവയുടെ മൊത്തം വാര്‍ഷിക ഇടപാട് മൂല്യം (TPV) 1.4 ലക്ഷം കോടി ഡോളറാണ്.

Tags:    

Similar News