കേന്ദ്രത്തിന്റെ പി.എല്‍.ഐ ആനുകൂല്യം: പാതിയും നേടി മൊബൈല്‍ കമ്പനികള്‍
പി.എല്‍.ഐയില്‍ ഉള്‍പ്പെടുന്നത് 14 മേഖലകള്‍; 6 മേഖലകള്‍ക്ക് ഇനിയും ആനുകൂല്യം നല്‍കിയില്ല
മാനുഫാക്ചറിംഗ് രംഗത്ത് ഇന്ത്യയെ ആഗോള ഹബ്ബാക്കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീം പ്രകാരം ഇതുവരെ വിതരണം ചെയ്ത ആനുകൂല്യത്തിന്റെ പാതിയും നേടിയത് ഇലക്ട്രോണിക്‌സ്, മൊബൈല്‍ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍. ബാക്കിത്തുകയില്‍ മുഖ്യപങ്കും സ്വന്തമാക്കിയത് ഔഷധ, ഭക്ഷ്യോത്പന്ന മേഖലയിലെ കമ്പനികളും.
മൊത്തം 1.97 ലക്ഷം കോടി രൂപയുടേതാണ് പി.എല്‍.ഐ സ്‌കീം. ഇതുവരെ വിതരണം ചെയ്തത് 2,874.71 കോടി രൂപയാണ്. വസ്ത്രം, വലിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ (റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ മുതലായ), വാഹനം, വാഹനഘടകം, സോളാര്‍ പി.വി മൊഡ്യൂള്‍, എ.സി.സി ബാറ്ററി എന്നീ മേഖലകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല. അതേസമയം മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ടെലികോം, ഡ്രോണുകള്‍, ടെക്‌നോളജി ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക്് ആനുകൂല്യം ലഭിച്ചു.
നേട്ടം സ്വന്തമാക്കിയവര്‍
2022 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 717 അപേക്ഷകളാണ് പി.എല്‍.ഐ ആനുകൂല്യത്തിനായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ഇവര്‍ മൊത്തമായി വാഗ്ദാനം ചെയ്തിട്ടുള്ള നിക്ഷേപം 2.74 ലക്ഷം കോടി രൂപയാണ്. ഇതില്‍ 53,500 കോടി രൂപയുടെ നിക്ഷേപം നടന്നുകഴിഞ്ഞു. ഈ നിക്ഷേപത്തിലൂടെ പ്രതീക്ഷിക്കുന്നത് 5 ലക്ഷം കോടി രൂപയുടെ ഉത്പാദനമാണ്. മൂന്നുലക്ഷം പുതിയ തൊഴിലുകളും വിലയിരുത്തുന്നു. ഈ വര്‍ഷം (2023-24) പി.എല്‍.ഐ പ്രകാരമുള്ള നിക്ഷേപം ഒരുലക്ഷം കോടി രൂപ കവിയുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ പ്രവചിക്കുന്നത്.
ലഭിച്ച അപേക്ഷകള്‍ വിലയിരുത്തി, 3,420.05 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ക്കുള്ള ക്ലെയിമുകളാണ് കേന്ദ്രത്തിന് മുന്നിലെത്തിയത്. 2,874.71 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ കേന്ദ്രം വിതരണവും ചെയ്തു. ഇതില്‍ 1,649 കോടി രൂപയും നേടിയത് ഇലക്ട്രോണിക്‌സ്, മൊബൈല്‍ഫോണ്‍ നിര്‍മ്മാണക്കമ്പനികള്‍.
ഔഷധ നിര്‍മ്മാണ കമ്പനികള്‍ 652 കോടി രൂപ നേടി. ഭക്ഷ്യോത്പന്ന മേഖലയിലെ കമ്പനികള്‍ക്ക് 486 കോടി രൂപ ലഭിച്ചു. ഡ്രോണ്‍, ടെലികോം, ടെക്‌നോളജി ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉകരണം, ബള്‍ക്ക് ഡ്രഗ് (മരുന്ന് നിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തു) എന്നിവയാണ് ബാക്കി 88 കോടിയോളം രൂപ നേടിയത്.
നിരവധി മേഖലളില്‍ പ്രതീക്ഷിച്ചതുപോലെ നിക്ഷേപവും മുതല്‍മുടക്കുകളും ഇതുവരെ എത്താത്ത പശ്ചാത്തലത്തിലാണ് അവയ്ക്ക് ആനുകൂല്യം വൈകുന്നതെന്നും എന്നാല്‍, സ്ഥിതി മാറുന്നതിന് അനുസരിച്ച് അവയ്ക്കും പി.എല്‍.ഐ സ്‌കീമിന്റെ നേട്ടം ലഭ്യമാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) അഡിഷണല്‍ സെക്രട്ടറി രാജീവ് സിംഗ് താക്കൂര്‍ വ്യക്തമാക്കി.
60 ലക്ഷം തൊഴിലും 41 ലക്ഷം കോടി ഉത്പാദനവും
മാനുഫാക്ചറിംഗിലും കയറ്റുമതിയിലും ഇന്ത്യയെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കാനായി 2020ലാണ് കേന്ദ്രസര്‍ക്കാര്‍ 14 സുപ്രധാന മേഖലകളെ ഉള്‍പ്പെടുത്തി പി.എല്‍.ഐ സ്‌കീം പ്രഖ്യാപിച്ചത്. കമ്പനികളുടെ വില്‍പന വളര്‍ച്ച അടിസ്ഥാനമാക്കി 5 വര്‍ഷത്തിനകം 1.97 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 50,000 കോടി ഡോളറിന്റെ (ഏകദേശം 41 ലക്ഷം കോടി രൂപ) ഉത്പാദനവും 60 ലക്ഷം തൊഴിലുകളുമാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉന്നമിടുന്നത്.