പോപ്പീസ് ബേബി കെയര്‍ 'ഡയപ്പര്‍' പുറത്തിറക്കുന്നു

2025ല്‍ കമ്പനിയുടെ ഐപിഒ ഉണ്ടാവുമെന്ന് പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ്

Update:2022-09-20 18:45 IST

പ്രമുഖ ബേബി കെയര്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ (Popees Baby Care) 'ഡയപ്പര്‍' പുറത്തിറക്കുന്നു. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലിറക്കുന്നത്. സെപ്റ്റംബര്‍ 23ന് കൊച്ചി ലെ മെറിഡിയനില്‍ വെച്ചാണ് പുതിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിക്കുക.

അഞ്ച് പേറ്റന്റുകളോടെയാണ് ഓര്‍ഗാനിക് സ്വഭാവത്തിനുള്ള ഡയപ്പറുകള്‍ പോപ്പീസ് വിപണിയിലെത്തിക്കുന്നത്. കളമശ്ശേരിയില്‍ സ്വന്തം നിര്‍മാണ യൂണിറ്റും സജ്ജമായി വരികയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡയപ്പര്‍ നിര്‍മാണ യൂണിറ്റായിരിക്കും ഇതെന്ന് പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു. ഡബിള്‍ ലീക്കേജ് ബാരിയര്‍, ട്രിപ്പിള്‍ ലെയര്‍ സുരക്ഷ എന്നീ പ്രത്യേകതകളോടെയാണ് ഡയപ്പറുകള്‍ നിര്‍മിക്കുന്നത്. കയറ്റുമതി ചെയ്യുന്ന അതേ നിലവാരത്തില്‍ തന്നെ ആഭ്യന്തര വിപണിയിലും ഉല്‍പ്പന്നം ലഭ്യമാക്കുമെന്നും ഷാജു തോമസ് പറഞ്ഞു.
2003 ലാണ് പോപ്പീസ് ബേബി കെയര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2005ല്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മാണം തുടങ്ങി. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളുമായി തുടങ്ങി, പിന്നീട് സോപ്പ്, ഓയ്ല്‍, പൗഡര്‍, വൈപ്പ്‌സ് തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. 2019 ല്‍ പോപ്പീസിന്റെ ആദ്യ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ തുറന്നു. ഇപ്പോള്‍ 50 ഷോറൂമുകളാണ് പോപ്പീസിനുള്ളത്.
2023 ഫെബ്രുവരിക്കുള്ളില്‍ 50 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനാണ് ലക്ഷ്യം. 2025 നുള്ളില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആക്കും. കേരളത്തിനു പുറമെ, കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഷോറൂമുകളുണ്ട്. യുകെയില്‍ ഓക്‌സ്‌ഫോഡില്‍ ഓഫിസ് തുറന്നു. ലണ്ടനില്‍ രണ്ട് ഷോറൂമുകള്‍ നവംബറില്‍ തുറക്കും. യുഎസിലേക്ക് അടക്കം പ്രവര്‍ത്തനം വ്യാപിക്കുമെന്നും 2025 ല്‍ കമ്പനിയുടെ ഐപിഒ ഉണ്ടാവുമെന്നും ഷാജു തോമസ് പറഞ്ഞു. 2000 ജീവനക്കാരുള്ള കമ്പനിയില്‍ ഈ സാമ്പത്തിക വര്‍ഷം 500 തൊഴിവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും ഷാജു തോമസ് പറഞ്ഞു.


Tags:    

Similar News