ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചു
ഉത്സവകാലത്തിന്റെ കരുത്തില്‍ വില്‍പന പൊടിപൊടിച്ചുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് 7% വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആഭരണ ഡിമാന്‍ഡ് മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 146.2 ടണ്ണില്‍ നിന്ന് 155.7 ടണ്ണായി ഉയര്‍ന്നു.
ഇക്കാലയളവില്‍ രാജ്യത്തെ മൊത്തം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 191.7 ടണ്ണില്‍ നിന്ന് 210.2 ടണ്ണായും ഉയര്‍ന്നു. സ്വര്‍ണ കട്ടി, സ്വര്‍ണ നാണയം എന്നിവയുടെ ഡിമാന്‍ഡ് 45.4 ടണ്ണില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 54.5 ടണ്ണായി. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡാണിത്.
വടക്കേന്ത്യന്‍ വിപണിയില്‍ കുറവ്
ഉത്സവകാല ഡിമാൻഡാണ് വിപണിയെ തുണച്ചത്. ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും വടക്കേ ഇന്ത്യയില്‍ വിപണി മന്ദഗതിയിലായി. ഗ്രാമീണ ഡിമാന്‍ഡും കുറഞ്ഞു. സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നതിനെ തുടര്‍ന്ന് 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങളോടാണ് ഉപഭോക്താക്കള്‍ക്ക് പ്രിയം. റീറ്റെയ്ല്‍ കടകള്‍ ഇത്തരം ആഭരണങ്ങള്‍ കൂടുതല്‍ വിറ്റഴിച്ചു. ശക്തമായ പ്രചാരണ തന്ത്രത്തിലൂടെ വന്‍കിട ബ്രാന്‍ഡഡ് സ്വര്‍ണ വ്യാപാരികളും നേട്ടം ഉണ്ടാക്കി. സ്വര്‍ണാഭരണ ഫാബ്രിക്കേഷന്‍ 9% വര്‍ധിച്ച് 199 ടണ്ണായി. 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് ആഭരണ നിര്‍മാണം.
സ്വര്‍ണത്തിന്റെ വില ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആഭരണത്തിനുള്ള ഡിമാന്‍ഡ് മങ്ങാന്‍ സാധ്യത ഉള്ളതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു.
ചൈന, മധ്യ കിഴക്കന്‍ രാജ്യങ്ങള്‍, തായ്ലന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ആഭരണ ഡിമാന്‍ഡ് ഇടിഞ്ഞു. എന്നാല്‍ മൊത്തം ആഗോള ഡിമാന്‍ഡ് മുന്‍ ത്രൈമാസത്തെക്കാള്‍ 8% വര്‍ധിച്ചു. വാര്‍ഷിക വളര്‍ച്ച 2% കുറഞ്ഞ് 516.2 ടണ്‍ ആയി. മൂന്നാം പാദത്തില്‍ സ്വര്‍ണ ഇറക്കുമതി 184.5 ടണ്ണില്‍ നിന്ന് 220 ടണ്‍ ആയി.