ഐടി കമ്പനികളുടെ മൂന്നാംപാദ ഫലങ്ങള്‍ ഞെട്ടിക്കുമോ?

ദശകത്തിലെ മികച്ച നേട്ടവുമായാണ് ഐടി കമ്പനികള്‍ വരുന്നതെന്ന് വിദഗ്ധര്‍

Update:2021-01-05 17:17 IST

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ (ക്യു 3) വരുമാനം പ്രഖ്യാപിക്കുവാന്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ തയ്യാറെടുക്കുമ്പോള്‍, ഈ ഫലങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ കരുതുന്നു.

എഡല്‍വെയ്‌സ് റിസര്‍ച്ചിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ഐടി കമ്പനികള്‍ ഒരു ദശകത്തിനിടെ ഏറ്റവും മികച്ച ക്യു 3 റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2020 ഒക്ടോബര്‍ - ഡിസംബര്‍ വരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇതിനുശേഷം ഇന്‍ഫോസിസ് ജനുവരി 13ന് ക്യു 3 ഫലങ്ങള്‍ പുറത്തിറക്കും.

'ഐടി കമ്പനികളുടെ ക്യൂ 3 ഫലങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഉപരിയായിരിക്കുമെന്നു ഞങ്ങള്‍ കരുതുന്നു', എഡല്‍വെയ്‌സ് ഐടി മേഖലയെക്കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍ഫോസിസും ടിസിഎസും 56 ശതമാനം ക്യു 3 വളര്‍ച്ചയോടെ മുന്നില്‍ നില്‍ക്കും. എച്ച്‌സിഎല്‍ ടെക്കും വിപ്രോയും 34 ശതമാനവും, ടെക് മഹീന്ദ്ര 1.8 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക കമ്പനികളും ഭാവി കാഴ്ചപ്പാട് നവീകരിക്കാന്‍ സാധ്യതയുണ്ട്. മൈന്‍ഡ്ട്രീ, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ലാര്‍സന്‍ ആന്റ് ടൂബ്രോ ഇന്‍ഫോടെക് എന്നിവ ശക്തമായ വളര്‍ച്ചയും മാര്‍ജിനുകളും രേഖപ്പെടുത്താന്‍ സാധ്യതുണ്ട്.

ഡോളര്‍ അടിസ്ഥാനത്തില്‍ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവ യഥാക്രമം 4.5 ശതമാനം, 5.4 ശതമാനം, 4 ശതമാനം, 3.5 ശതമാനം, 1.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഏജന്‍സി പ്രവചിക്കുന്നു.

എഡല്‍വെയ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഘടനാപരമായ ഡിമാന്‍ഡ് വര്‍ദ്ധനവ് വ്യവസായ മേഖലയിലുടനീളമുള്ള വരുമാന വളര്‍ച്ചയില്‍ പ്രതിഫലിക്കും. ആഗോള കമ്പനികളുടെ വിദഗ്ധരില്‍ നിന്നും വ്യാഖ്യാനങ്ങളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യവസായ മാര്‍ജിന്‍ കുറഞ്ഞത് 300 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വര്‍ധിക്കും. എവിടെ നിന്നും ജോലി ചെയ്യുക (വര്‍ക്ക് ഫ്രം എനിവെര്‍) വഴി ചെലവുകള്‍ കുറഞ്ഞതും ബിസിനസ്സ് യാത്രകളിലും മറ്റും ഉണ്ടായ കുറവും വരുമാന വര്‍ധനവിന് കാരണമാകും.

''വ്യവസായങ്ങളിലുടനീളം ക്ലൗഡും ഡിജിറ്റലും മുഖ്യധാരയാകുന്ന പ്രവണതയാണ്. റീട്ടെയില്‍, ട്രാന്‍സ്‌പോര്‍ട്ട്, എഞ്ചിനീയറിംഗ്, റിസര്‍ച്ച് & ഡവലപ്‌മെന്റ് (ഇആര്‍ ആന്‍ഡ് ഡി) തുടങ്ങി പിന്നോട്ട് പോയ വിഭാഗങ്ങള്‍ ശക്തമായി തിരിച്ചുവരും,'' എഡല്‍വെയ്‌സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News