അദാനി വിവാദത്തില്‍ മൗനം തുടര്‍ന്ന് കേന്ദ്രം; വിമര്‍ശനം ശക്തം
അദാനിയില്‍ വന്‍ നിക്ഷേപമുള്ള എല്‍.ഐ.സിക്ക് 4,000 കോടിയോളം നഷ്ടം
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി രംഗത്ത്. അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അദാനി ഗ്രൂപ്പിന്റെ ഓഫ്‌ഷോര്‍ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം (Joint Parliamentary Committee) വേണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെടുന്നു. 'സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി'യെന്നാണ് കോണ്‍ഗ്രസ് പുതിയ ആരോപണങ്ങളെ വിശേഷിപ്പിച്ചത്.
ഓഹരി വിലയില്‍ കൃത്രിമം
കഴിഞ്ഞ ജനുവരിയിലാണ് ഓഹരിവിലയില്‍ കൃത്യമം കാണിക്കുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ സ്ഥാപനവും ഷോര്‍ട്ട്-സെല്ലറുമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ അന്താരാഷ്ട്ര അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒ.സി.സി.ആര്‍.പി) പുറത്തുവിട്ട റിപ്പോര്‍ട്ട്.
മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ (Shell Companies) സ്ഥാപിച്ച് വന്‍തോതില്‍ അദാനി ഓഹരികളില്‍ നിക്ഷേപം നടത്തുന്നുവെന്നാണ് ഒ.സി.സി.ആര്‍.പി പറയുന്നത്. അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള നാസെര്‍ അലി ഷെഹ്ബാന്‍ ആഹ്‌ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴിയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തി വില ഉയര്‍ത്താന്‍ നീക്കം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
എല്‍.ഐ.സിക്ക് നഷ്ടം 1,500 കോടി
റിപ്പോർട്ട് പുറത്തു വന്നതിനുശേഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തിൽ 32,000 കോടി രൂപയുടെ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിലെ മിക്ക കമ്പനികളിലും ഓഹരിയുള്ള എൽ.ഐ.സിക്ക് ഒറ്റ ദിവസം കൊണ്ട് 1,500 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. എന്നാൽ ഇന്ന് മിക്ക അദാനി ഓഹരികളും നേട്ടത്തിലായത് നഷ്ടം കുറച്ചൊക്കെ തിരിച്ചു പിടിക്കാൻ സഹായിച്ചു.
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സെബി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇടിവിലായ ഓഹരികള്‍ക്ക് വീണ്ടും തിരിച്ചടിയായാണ് ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ട് വന്നത്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് എ.സി.സി, അംബുജ സിമന്റ്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നീ ഏഴ് കമ്പനികളിലാണ് എല്‍.ഐസിക്ക് നിക്ഷേപമുള്ളത്. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഇവയിലെ എല്‍.ഐ.സിയുടെ നിക്ഷേപ മൂല്യം 44,743.94 കോടി രൂപയാണ്. അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 10.50 ലക്ഷം കോടിയായും കുറഞ്ഞു.