ബജാജ് ഫിനാന്‍സ്-ആര്‍.ബി.എല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പങ്കാളിത്തം: ഗുരുതര പോരായ്മകളെന്ന് ആര്‍.ബി.ഐ
സമയം നീട്ടി നല്‍കിയത് ഒരു വര്‍ഷത്തേക്ക് മാത്രം
ക്രെഡിറ്റ് കാര്‍ഡ് ബിസിനസിനായി ബജാജ് ഫിനാന്‍സും ആര്‍.ബി.എല്‍ ബാങ്കും ചേര്‍ന്നുള്ള പങ്കാളിത്തത്തിനുള്ള സമയ പരിധി ഒരു വര്‍ഷമായി വെട്ടിച്ചുരുക്കി റിസര്‍വ് ബാങ്ക്. കാരാറില്‍ ഗുരുതര പോരായ്മകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് റിസര്‍വ് ബാങ്ക് കാലാവധി കുറച്ചത്. ബജാജ് ഫിനാന്‍സ് ആവശ്യപ്പെട്ടത് രണ്ട് വർഷത്തേക്കായിരുന്നു.
ആർ.ബി.ഐക്ക് ആശങ്ക
സാധാരണഗതിയിൽ, കോ-ബ്രാൻഡഡ് കാർഡ് നൽകുന്നതിന് മുമ്പ് ബാങ്കുകൾ പ്രത്യേക റെഗുലേറ്ററി ക്ലിയറൻസ് തേടേണ്ടതില്ല. അത് കൊണ്ട് തന്നെ 2021ൽ ആർ.ബി.എൽ ബാങ്ക് ബജാജ് ഫിനാൻസുമായുള്ള പങ്കാളിത്തം അഞ്ച് വർഷത്തേക്ക് നീട്ടിയിരുന്നു.
എന്നാൽ കാർഡ് പങ്കാളിത്തത്തിൽ ഏർപ്പെടുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ രണ്ട് വർഷം കൂടുമ്പോൾ ആർ.ബി.ഐയുടെ അനുമതി വാങ്ങണം. 2021ൽ ആർ. ബി. ഐ രണ്ട് വർഷത്തേക്ക് കാർഡ് എഗ്രിമെന്റ് അനുവദിച്ചെങ്കിലും ഇപ്പോൾ പുതുക്കുന്ന വേളയിൽ ഒരു വർഷത്തേക്ക് മാത്രം അനുവദിക്കുകയായിരുന്നു.
കരാറിൽ ആർ.ബി.ഐക്കുള്ള ആശങ്കകൾ പരിഹരിക്കാൻ ബജാജ് ഫിനാൻസിന് സാധിച്ചാൽ മാത്രമാകും അടുത്ത ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുക.
റിസര്‍വ് ബാങ്കിന്റെ നീക്കത്തെ തുടര്‍ന്ന് ആര്‍.ബി.എല്‍ ബാങ്ക് ലിമിറ്റഡ് ഓഹരി ഇന്ന് 4.15 ശതമാനത്തോളവും ബജാജ് ഫിനാന്‍സ് ഓഹരി 1.82 ശതമാനവും താഴ്ന്നു.
വായ്പ വിതരണ വിലക്കിന് പിന്നാലെ
ഇക്കഴിഞ്ഞ നവംബര്‍ 15ന് റിസര്‍വ് ബാങ്ക് ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉത്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവ വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിര്‍ത്താനാവശ്യപ്പെട്ടിരുന്നു. വായ്പക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്‌റ്റേറ്റ്‌മെന്റ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റി സ്റ്റേറ്റ്മെന്റിൽ പരാമര്‍ശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചാര്‍ജോ ഫീസോ വായ്പക്കാരനില്‍ നിന്ന് ഈടാക്കാന്‍ പാടില്ല. പിഴവുകള്‍ പരിഹരിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നത്.