വൈറ്റ് ലേബല്‍ എ ടി എം വ്യാപകമാക്കും; പുതിയ ഇളവുമായി ആര്‍ ബി ഐ

Update: 2020-06-18 08:41 GMT

വൈറ്റ് ലേബല്‍ എടിഎം ശൃംഖല വ്യാപകമാക്കാന്‍ വഴി തെളിക്കുന്ന ഇളവുകള്‍ക്ക് റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.പദ്ധതി കൊണ്ടുവന്ന് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച തോതില്‍ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ രാജ്യത്തുണ്ടാകാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തിയാണ് പുതിയ നീക്കം. ഓരോ വര്‍ഷവും സ്ഥാപിക്കേണ്ട മെഷീനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവു നല്‍കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്.

ബാങ്കിതര സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന എടിഎം മെഷീനുകളാണ് വൈറ്റ് ലേബല്‍ എടിഎം എന്ന് അറിയപ്പെടുന്നത്. ചെറുനഗരങ്ങളില്‍ എടിഎം ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയുടെ ലക്ഷ്യം ഏറെ അകലെയാണിപ്പോഴും. ഏഴുവര്‍ഷം കഴിഞ്ഞിട്ടും 23,597 വൈറ്റ് ലേബല്‍ എടിഎം മാത്രമാണ് രാജ്യത്തുള്ളത്.

മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് നല്‍കിയ ബാങ്ക് നല്‍കുന്ന 15 രൂപ ഫീസാണ് വൈറ്റ് ലേബല്‍ എടിഎം നടത്തുന്ന കമ്പനിക്ക് ലഭിക്കുന്നത്. ഇത് 18 രൂപയായി ഉയര്‍ത്തണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈറ്റ് ലേബല്‍ എടിഎം ഉള്ളത് ടാറ്റ കമ്യൂണിക്കേഷന്‍സ് പേമെന്റ് സൊലൂഷനാണ്-8290 എണ്ണം. എടിഎം പേമെന്റ്സിന് 6249 എണ്ണവും വക്രാംഗീക്ക് 4506 എണ്ണവും ഹിറ്റാച്ചി പേമെന്റിന് 3535 എണ്ണവുമുണ്ട്. കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സ് 217 വൈറ്റ് ലേബല്‍ എടിഎം സ്ഥാപിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ കമ്പനികളുടെ താല്‍പ്പര്യം നോക്കി സാധ്യമായ രീതിയില്‍ വാര്‍ഷിക 'ടാഗെറ്റ്' നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഓരോ കമ്പനിക്കും ഓരോ ലക്ഷ്യമായിരിക്കും. നിലവിലെ നിബന്ധന പ്രകാരം ഓരോ ബാങ്കിതര സ്ഥാപനവും ആദ്യ വര്‍ഷം ആയിരം എടിഎം സ്ഥാപിക്കണം. രണ്ടാം വര്‍ഷം ഇതിന്റെ ഇരട്ടിയും മൂന്നാം വര്‍ഷം മൂന്നിരട്ടിയും. ഇതു പാലിക്കപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് രണ്ടു ലക്ഷത്തോളം വൈറ്റ് ലേബല്‍ എടിഎമ്മുകളെങ്കിലും ഉണ്ടാകുമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News