ലണ്ടനില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്; കാരണം ഇതാണ്
ഇന്ത്യയുടെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത്
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം വിദേശത്തുനിന്ന് സ്വര്‍ണനിക്ഷേപം പിന്‍വലിച്ച് റിസര്‍വ് ബാങ്ക്. ലണ്ടനില്‍ ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിക്ഷേപിച്ചിരുന്ന 100 ടണ്‍ സ്വര്‍ണമാണ് പിന്‍വലിച്ച് ഇന്ത്യയിലെത്തിച്ചത്.
1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തിന് ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് വിദേശത്തെ സ്വര്‍ണനിക്ഷേപം പിന്‍വലിക്കുന്നത്. 2024 മാര്‍ച്ചിലെ കണക്കുപ്രകാരം റിസര്‍വ് ബാങ്കിന്റെ മൊത്തം കരുതല്‍ സ്വര്‍ണശേഖരം 822.10 ടണ്ണാണ്. ഇതില്‍ 413.8 ടണ്ണും വിദേശത്താണുള്ളത്.
റിസര്‍വ് ബാങ്ക് ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാന്‍ നികുതിയൊഴിവുണ്ടെങ്കിലും പൂര്‍ണമായും ജി.എസ്.ടി അടച്ചാണ് ഇപ്പോള്‍ സ്വര്‍ണം തിരിച്ചെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തുകൊണ്ട് സ്വര്‍ണം തിരിച്ചെത്തിക്കുന്നു?
വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കുറഞ്ഞചെലവില്‍ ഇന്ത്യയില്‍ തന്നെ സ്വര്‍ണം സൂക്ഷിക്കാമെന്നതാണ് സ്വര്‍ണം തിരികെകൊണ്ടുവരാനുള്ള കാരണങ്ങളിലൊന്ന്. മറ്റൊന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയിന്മേലുള്ള റിസര്‍വ് ബാങ്കിന്റെ വിശ്വാസമാണെന്നാണ് വിലയിരുത്തല്‍.
കരുതല്‍ വിദേശശേഖരം കഴിവതും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനവും ഈ നീക്കത്തിന് പിന്നിലുണ്ട്.
ലോജിസ്റ്റിക്‌സ് കാരണങ്ങളും ലണ്ടനില്‍ നിന്ന് സ്വര്‍ണം തിരിച്ചുകൊണ്ടുവരാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടായാല്‍ സ്വര്‍ണ ശേഖരം ഇന്ത്യയില്‍ എത്തിക്കുന്നത് എളുപ്പമാകില്ല.
അമേരിക്ക റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ 2022-23ല്‍ നിരവധി രാജ്യങ്ങള്‍ വിദേശ രാജ്യങ്ങളിലെ സ്വര്‍ണശേഖരം നാട്ടില്‍ എത്തിച്ചിരുന്നു. പരമ്പരാഗതമായി പല രാജ്യങ്ങളുടെയും സ്വര്‍ണ ശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്.
ഇന്ത്യയില്‍ മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരം സൂക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചുവരികയാണ്. ആഗോള അനിശ്ചിതത്വങ്ങളും കറന്‍സി മൂല്യത്തിലെ ചാഞ്ചാട്ടവും കാരണമാണ് സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നത്.